ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചും കോവിഡ്-19 പ്രതിസന്ധിയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെ കുറിച്ചും “നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തൽ” ആവശ്യപ്പെട്ടുള്ള പ്രമേയത്തെ പിന്തുണച്ച് ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്ത്. അതേസമയം, അമേരിക്കയും ചൈനയും പ്രമേയത്തെ പിന്തുണച്ചില്ല.

35 രാജ്യങ്ങളും 27 അംഗ യൂറോപ്യൻ യൂണിയനും മുന്നോട്ടുവച്ച ഏഴ് പേജുള്ള കരട് പ്രമേയത്തിന്റെ ഭാഗമായാണ് ഈ നിർദേശം. ലോകാരോഗ്യ സംഘടനയുടെ തീരുമാനമെടുക്കുന്ന സമിതിയായ അസംബ്ലിയിൽ തിങ്കളാഴ്ച ഇത് പരിഗണിക്കും.

യുഎൻ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ മൂന്നുപേരായ യുകെ, റഷ്യ, ഫ്രാൻസ് എന്നിവരും ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, തുർക്കി എന്നിവരും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നിവ പ്രമേയത്തിൽ ഒപ്പിട്ടില്ല. സാർക്ക് രാജ്യങ്ങളിൽ നിന്ന് ബംഗ്ലാദേശും ഭൂട്ടാനും മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്.

Read More: Covid-19 Kerala India Live Updates: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത്

കരട് പ്രമേയത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസിനോട് എത്രയും വേഗം ഉചിതമായ സമയത്ത് അന്വേഷണം ആരംഭിക്കാനും നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തൽ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രതിസന്ധിയോടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെക്കുറിച്ചും സ്വതന്ത്രമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു രാജ്യാന്തര ഫോറത്തിൽ ആദ്യമായാണ് ഇന്ത്യ നിലപാട് സ്വീകരിക്കുന്നത്. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാൽ വിഷയം വീണ്ടും പരിശോധിക്കുമെന്നുമായിരുന്നു കേന്ദ്രം ഇതുവരെ പറഞ്ഞിരുന്നത്.

ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ഉചിതമായ സമയത്ത് അവലോകനത്തെ പിന്തുണയ്ക്കുമെന്ന് ചൈന അടുത്തിടെ സൂചിപ്പിച്ചിരുന്നു, മാത്രമല്ല, യുഎസും മറ്റ് ചില രാജ്യങ്ങളും വൈറസിന്റെ ഉത്ഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയും, കുറ്റക്കാർ തങ്ങളാണെന്ന മുൻവിധിയോടെ പെരുമാറുകയും ചെയ്യുന്നതായും ചൈന ആരോപിച്ചിരുന്നു.

അതേസമയം, ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ ലോകത്ത് 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 18,56,566 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

Read in English: At WHO, India joins 61 nations to seek source of coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook