യാത്രക്കാര്‍, പ്ലാറ്റ്ഫോമിലെ കച്ചവടക്കാര്‍, റെയില്‍വേ ജീവനക്കാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങി ഒരാള്‍ പോലും കാണാതെയാണ് ഫരീദാബാദിലെ അസാവോതി റെയില്‍വേ സ്റ്റേഷനില്‍ ബീഫ് കൈയ്യില്‍ വച്ചു എന്ന പേരില്‍ ജുനൈദ് ഖാനെ കുത്തിക്കൊന്നത്. വ്യാഴാഴ്ച വൈകീട്ട് ജുനൈദ് മരിച്ചെന്നു കരുതുന്ന രക്തക്കറ പതിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവെച്ച സിസിടിവിയും തകരാറിലായിരുന്നു.

വളരെ കുറച്ചു ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന ആ സ്റ്റേഷനില്‍ വ്യാഴാഴ്ച നടന്ന കൊലപാതകത്തിന്റെ തെളിവായി അവശേഷിക്കുന്നത് നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തെളിഞ്ഞുകിടക്കുന്ന രക്തക്കറ മാത്രം.

പെരുന്നാൾ ആഘോഷിക്കാനുളള സാധനങ്ങളും വാങ്ങി ട്രെയിനില്‍ മടങ്ങുകയായിരുന്ന ജുനൈദിനെ ബീഫ് കൈയില്‍വച്ചു എന്നപേരില്‍ കൊലപ്പെടുത്തിയ വാര്‍ത്ത കാട്ടുതീപോലെ പരക്കുമ്പോഴും നിശബ്ദതയില്‍ ആഴ്ന്നിരിക്കുകയാണ് അസാവോതി സ്റ്റേഷനിലെ പതിവുകാരൊക്കെ.

വ്യാഴാഴ്ച വൈകീട്ട് സമയം 7:21ആയപ്പോള്‍ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു ”വലിയ ജനകൂട്ടം” ഉണ്ടായിരുന്നുവെന്ന് ഡല്‍ഹി- മഥുര ട്രെയിനിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓം പ്രകാശിനു അസ്വഭാവികത അനുഭവപ്പെടുന്നത്. ” ഉടന്‍ തന്നെ എന്തിനാണ് ജനം തടിച്ചുകൂടിയിരിക്കുന്നതെന്ന് അന്വേഷിക്കാനായി ഞാന്‍ രണ്ടു സുരക്ഷാഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അവര്‍ അവിടെ ചെന്നപ്പോഴേക്കും ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ജനക്കൂട്ടം തന്നെ മൃതദേഹം എടുത്തു കാണും. ജനക്കൂട്ടത്തേയോ, മൃതദേഹത്തെയോ ഞാന്‍ കണ്ടിട്ടില്ല” ഓം പ്രകാശ് പറയുന്നു.

ആ സമയത്ത് താന്‍ കണ്ട്രോള്‍ റൂമിലെ തിരക്കിലായിരുന്നു എന്നാണു സ്റ്റേഷന്‍ മാസ്റ്റര്‍ പറയുന്നത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനു തൊട്ടടുത്തുള്ള കൺട്രോൾ റൂം പതിനഞ്ചുവയസ്സുകാരനായ ജുനൈദ് മരിച്ചയിടത്തുനിന്നും കഷ്ടിച്ച് ഇരുന്നൂറുമീറ്റര്‍ അകലത്തിലാണ്. “ഞാന്‍ തിരക്കിലായിരുന്നു. അവിടെ നിന്നും എനിക്ക് ഒന്നും തന്നെ കാണാന്‍ സാധിക്കില്ല” ഓം പ്രകാശ് പറയുന്നു. ” ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു ഗുഡ്സുവണ്ടി നിര്‍ത്തിയിട്ടിരുന്നു. അതിനാല്‍ തന്നെ അവിടെ നിന്നും എന്തെങ്കിലും കാണുക എന്നത് അസാധ്യമാണ്” ഓം പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Read More : ബീഫ് തിന്നുന്നവരെന്ന് ആരോപിച്ച് കൊലപാതകം: കേണപേക്ഷിച്ചിട്ടും ആരും സഹായിച്ചില്ലെന്ന് സഹോദരൻ

നാലാമത്തെ പ്ലാറ്റ്ഫോമില്‍ അസ്വഭാവികമായ എന്തോ നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ തന്നെ രണ്ടുപേരെ അന്വേഷിക്കാന്‍ അയച്ചിരുന്നുവെന്നു പറയുന്ന ഓം പ്രകാശ്. “ഗുഡ്സ് വണ്ടിയുടെ വൈദ്യുതി വിച്ഛേദിക്കുക പോലുള്ള പണിയുള്ളതിനാല്‍ അവര്‍ വൈകിയാണ് ചെന്നത് തന്നെ” എന്നും പറയുന്നു.

“അവര്‍ അവിടെ എത്തിച്ചേരുമ്പോഴേക്കും ആരും തന്നെ അവിടെയുണ്ടായിരുന്നില്ല” ഓം പ്രകാശ് പറഞ്ഞു.

ആ രണ്ടുജീവനക്കാരുടെ പേരുപറയാന്‍ വിസമ്മതിച്ച സ്റ്റേഷന്‍ മാസ്റ്റര്‍ “അവര്‍ രണ്ടുപേരും എട്ടു മണിക്കൂര്‍ ഷിഫ്റ്റ്‌ കഴിഞ്ഞ് വീട്ടില്‍ പോയി” എന്നാണു പറഞ്ഞത്.

ജുനൈദിനെ വലിച്ചു പുറത്തേക്കിട്ട പാസഞ്ചര്‍ ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ എന്തെങ്കിലും കണ്ടിരിക്കാം എന്നും ഓംപ്രകാശ് പറയുന്നു. വ്യാഴാഴ്ച ഇതന്വേഷിക്കാന്‍ പൊലീസുകാരൊന്നും എത്തിയില്ല എന്നാണു ഓം പ്രകാശ് പറയുന്നത്.

നാലാം നമ്പര്‍ പ്ലാറ്റ്ഫോമിനു എതിര്‍വശത്താണ് ഭഗവത് ദ്യാലിന്‍റെ പോസ്റ്റ്‌ ഓഫീസ് സ്ഥിതിചെയ്യുന്നത്. ജുനൈദ് മരിച്ചയിടത്തു നിന്നും അമ്പത് മീറ്റര്‍ ദൂരത്തിലാണ് ദ്യാലിന്റെ വീട്. പക്ഷെ താനും ജുനൈദിനെയോ കുറ്റാരോപിതരെയോ കണ്ടിരുന്നില്ല എന്നാണു ദ്യാലും പറയുന്നത്.

” അവിടെയൊരു ശരീരം കണ്ടപ്പോള്‍ ഞാന്‍ പൊലീസുകാരനോട് ആംബുലന്‍സ് വിളിക്കണം എന്ന്‍ ആവശ്യപ്പെട്ടു. ആംബുലന്‍സിനെ വിളിച്ചുകഴിഞ്ഞു” എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ” ഒരു ദിവസത്തിനു ശേഷം എന്‍റെ മകളാണ് എനിക്ക് വിഡിയോ കാണിച്ചു തരുന്നത്. ഞാന്‍ ഒന്നും കണ്ടിരുന്നില്ല. ഞാന്‍ വീട്ടില്‍ ടിവിയും കണ്ടിരിക്കുകയായിരുന്നു. സാധാരണയായി വൈകുന്നേരങ്ങളില്‍ പ്ലാറ്റ്ഫോം ജനനിബിഡമാണ്. അതിനാല്‍ തന്നെ അവിടെയാണ് കൃത്യം നടന്നത് എന്ന്‍ എനിക്ക് തോന്നുന്നില്ല” ദ്യാൽ പറഞ്ഞു. ദ്യാലിന്‍റെ മകളെ കണ്ടു സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചില്ല.

Read More : ദാദ്രിയിലെ ബീഫ് രഹിത വിവാഹ സല്‍കാരങ്ങള്‍

എതിര്‍വശത്തുള്ള നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ പൊരികച്ചവടക്കാരനാണ് രാം ശരണ്‍. എല്ലാദിവസവും വൈകീട്ട് ഏഴു മണി വരെ അവിടെ ചിലവിടാറുണ്ട് എന്ന്‍ സമ്മതിക്കുന്ന ശരണ്‍ അന്നേ ദിവസം അഞ്ചുമണിക്ക് പോയിരുന്നു എന്ന് പറയുന്നു. “ഞാന്‍ ഒന്നുംകണ്ടിട്ടില്ല” അദ്ദേഹം തറപ്പിച്ചു പറയുന്നു.

പൊലീസുകാര്‍ ആദ്യം ചോദ്യം ചെയ്ത വ്യക്തി ശരണ്‍ ആണ്. ” പ്ലാറ്റ്ഫോമില്‍ ഒരു കത്തിയോ ടി ഷര്‍ട്ടോ കണ്ടിരുന്നോ എന്നാണു അവര്‍ എന്നോട് ചോദിച്ചത്. ഞാന്‍ സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല എന്നാണു അവരോടും പറഞ്ഞത് ”

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പലചരക്കുകട നടത്തുന്ന അശോക്‌ മാത്രമാണ് എന്തെങ്കിലും കണ്ടതായി സമ്മതിക്കുന്നത്. ” നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇരുന്നൂറുപേരോളം വരുന്ന വലിയൊരു ജനകൂട്ടം ഉള്ളതായി ശ്രദ്ധിച്ചിരുന്നു” എന്ന് പറയുന്ന അശോക്‌ അവിടെ പൊലീസുകാര്‍ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും പറയുന്നു. പിന്നീട് അശോക്‌ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായി ” ഞാന്‍ കള്ളം പറയുന്നില്ല. ഇരുന്നൂറോളം പേരെ അവിടെ കണ്ടിരുന്നു. രണ്ടു ശരീരങ്ങളെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തിരുന്നു. ഞാന്‍ ആ പ്ലാറ്റ്ഫോമിലേക്ക് പോയില്ല എങ്കിലും ഞാന്‍ ഇരുന്നൂറോളം പേരെ കൃത്യമായി കണ്ടിട്ടുണ്ട്. രണ്ടു ശരീരങ്ങളും ചോരയില്‍ കുളിച്ചതായിരുന്നു. എന്തു തരത്തിലുള്ള മുറിവാണ് എന്നൊന്നും പറയാന്‍ എന്നെകൊണ്ട് പറ്റില്ല. ഞാന്‍ മാത്രമല്ല എന്നോടൊപ്പം എന്‍റെ ഭാര്യയും ഉണ്ടായിരുന്നു. ” അശോക്‌ പറഞ്ഞു

ശനിയാഴ്ച ഉച്ചയ്ക്ക് സ്റ്റേഷനില്‍ പരിശോധന നടത്തിയ മൂന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് അവര്‍ ദൃക്സാക്ഷികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടി എന്നാണ് ” അവിടെയുണ്ടായിരുന്ന സിസിടിവി ക്യാമറ തകരാറിലായിരുന്നു. വയര്‍ മുറിച്ചുമാറ്റിയിരിക്കുകയാണ്. അതുണ്ടായിരുന്നുവെങ്കില്‍ ശക്തമായൊരു തെളിവ് ആയേനെ. ഞങ്ങള്‍ അന്വേഷണത്തില്‍ ഒന്നും തന്നെ കണ്ടെത്തിയില്ല. ഒരു ദൃക്സാക്ഷിയെ പോലും ” ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

“ട്രെയിനിലെ മൂന്നാം നമ്പര്‍ ബോഗിയില്‍ എന്തെങ്കിലും കലഹവും കയ്യാങ്കളിയും നടന്നിരിക്കാം ” എന്നാണു രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ പറഞ്ഞത് “രക്തക്കറ കണ്ടിടത്താണ് മൂന്നാം നമ്പര്‍ ബോഗി കിടക്കുക “.

Read More : പശുവില്‍ വേവിക്കുന്ന ജാതീയത

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ