വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ മധ്യ വിയന്നയിൽ വെടിവയ്പ്പ്. തിങ്കളാഴ്ച നിരവധി തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. തീവ്രവാദ ആക്രമണമാണിതെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറിടങ്ങളിൽ വെടിവെപ്പ് നടന്നിട്ടുണ്ട്.
അതിർത്തി പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കുട്ടികൾ ചൊവ്വാഴ്ച സ്‌കൂളിൽ പോകേണ്ട ആവശ്യമില്ലെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി കാൾ നെഹമ്മർ, ജനങ്ങൾ നഗരമധ്യത്തിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകി.
“നിരവധി” ആളുകൾ കൊല്ലപ്പെട്ടുവെന്ന് വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിൽ നെഹമ്മർ പറഞ്ഞു. രണ്ടുപേർ മരിച്ചു. ഒരാൾ സിവിലിയനും മറ്റേയാൾ ആക്രമണകാരിയുമാണ് എന്ന് സംശയിക്കുന്നതായി ഒരു ഉദ്യോഗസ്ഥൻ പിന്നീട് വ്യക്തമാക്കി.
“തീവ്രവാദികൾക്കായി തിരച്ചിൽ നടത്താൻ നിരവധി പ്രത്യേക സേന യൂണിറ്റുകൾ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഇത് വിയന്നയിലെ ഒരു പ്രദേശത്തേക്ക് പരിമിതപ്പെടുത്തുന്നില്ല,” നെഹമ്മർ നേരത്തെ ബ്രോഡ്കാസ്റ്റർ ഒആർഎഫിനോട് പറഞ്ഞു.
തീവ്രവാദം കൊണ്ട് ഭീഷണിപ്പെടുത്താന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും എല്ലാവിധത്തിലും ഈ ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു
സൈന്യം തലസ്ഥാനത്തെ സൈറ്റുകൾ സംരക്ഷിക്കുമെന്നും അതിനാൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസിന് ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും കുർസ് പറഞ്ഞു. ഒആർഎഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: ട്രംപോ, ബൈഡനോ? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
ഒരാൾ കൊല്ലപ്പെട്ടുവെന്നും പരുക്കേറ്റവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടെന്നും പോലീസ് ട്വിറ്ററിൽ കുറിച്ചു. വിയന്ന ആശുപത്രികളിൽ 15 പേർ ചികിത്സയിലാണെന്നും ഏഴ് പേരുടെ നില ഗുരുതരമാണെന്നും വിയന്ന മേയർ മൈക്കൽ ലുഡ്വിഗ് ഒആർഎഫിനോട് പറഞ്ഞു. അക്രമികളിൽ ഒരാളെ വെടിവച്ച് കൊന്നതായും പോലീസ് പറഞ്ഞു.
പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന് വ്യക്തമല്ലെന്ന് വിയന്നയിലെ ജൂത സമൂഹത്തിന്റെ തലവന്‍ ഓസ്‌കര്‍ ഡച്ച് പറഞ്ഞു.
സിനഗോഗിന്റെ വളപ്പിലാണ് താൻ താമസിക്കുന്നതെന്നും തന്റെ ജാലകത്തിന് താഴെയുള്ള തെരുവിലെ ബാറുകളില്‍ പുറത്ത് ഇരിക്കുന്ന ആളുകള്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുന്നത് താന്‍ കണ്ടതായും റബ്ബി ഷ്ലോമോ ഹോഫ്മീസ്റ്റര്‍ പറഞ്ഞു.
“അവര്‍ ഞങ്ങളുടെ കെട്ടിടത്തിന് പുറത്ത് 100 റൗണ്ടെങ്കിലും വെടിവെച്ചിരുന്നു.”
ഒരു തോക്കുധാരി തെരുവിൽ വെടിയുതിർക്കുകയും അലറുകയും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
കൊറോണ വൈറസ് വർദ്ധിച്ചതിനെത്തുടർന്ന് ഭാഗിക ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണം നടന്നത്, റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ എന്നിവ അടച്ചുപൂട്ടുകയും രാത്രിയിൽ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
അക്രമികളുടെ പേരുവിവരങ്ങളോ ആക്രമണകാരണത്തെക്കുറിച്ചോ അധികൃതർ സൂചന നൽകിയിട്ടില്ല.