ന്യൂഡൽഹി: തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തിൽ തീപിടിത്തത്തെ തുടർന്ന് കുടങ്ങിപ്പോയ ഒൻപതു പേരും മരിച്ചു. ഇവരിൽ അഞ്ചുപേർ എൻജിനീയർമാരാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവം അതീവ നിർഭാഗ്യകരമാണെന്നും ദുരന്തത്തിനിരയായവരുടെ ഉറ്റവർക്കൊപ്പമാണ് തന്റെ മനസെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഒരു ഡെപ്യൂട്ടി എൻജിനീയറും ഒരു സ്ത്രീ ഉൾപ്പെടെ നാല് അസിസ്റ്റന്റ് എൻജിനീയർമാരും  ഒരു പ്ലാന്റ് അറ്റൻഡന്റും ഒരു ജൂനിയർ പ്ലാന്റ് അറ്റൻഡന്റും ആമറോൺ ബാറ്ററി കമ്പനിയുടെ രണ്ടു തൊഴിലാളികളുമാണു ദുരന്തത്തിൽ മരിച്ചത്.

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം സിഐഡി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഗോവിന്ദ് സിങ്ങിനോട് നിര്‍ദേശിച്ചു.

മരിച്ച ഡെപ്യൂട്ടി എൻജിനീയറുടെ കുടുംബത്തിന് 50 ലക്ഷം രൂപയും മറ്റുള്ളവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിലെ ഒരാൾക്കു വീതം സർക്കാർ ജോലിയും വകുപ്പുതല മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതനിലയത്തിന്റെ ഭൂഗര്‍ഭ യൂണിറ്റിൽനിന്നാണ് പലരുടെയും മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടർന്നാണെന്നാണു സംശയിക്കുന്നത്. അപകടസമയത്ത് എൻജിനീയർമാർ ഇലക്ട്രിക് പാനലുകളുടെ അറ്റകുറ്റപ്പണിയിലായിരുന്നു.  ആറ് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

Also Read: Covid-19 Vaccine Tracker: കോവിഡ്: 40,000 പേരിൽ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി റഷ്യ

മരിച്ച ഒൻപതു പേരുടെയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിന്  അയച്ചതായി ശ്രീശൈലം ലെഫ്റ്റ് ബാങ്ക് ഹൈഡ്രോ ഇലക്ട്രിക് സ്റ്റേഷന്‍ ചീഫ് എൻജനീയര്‍ പ്രഭാകര്‍ റാവു ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. പുറത്തേക്കു രക്ഷപ്പെടാനുള്ള തുരങ്കത്തിൽനിന്നാണ് അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തതെന്നും ഇവർ ശ്വാസംമുട്ടിയാണു മരിച്ചതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഒരു കിലോ മീറ്റർ നീളമുള്ളതാണു തുരങ്കകം

തുരങ്കവും നാല് നിലകളുള്ള ഭൂഗര്‍ഭ പവര്‍ ഹൗസും കനത്ത പുകയും തീയും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടായിട്ടുപോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തുകടക്കാന്‍ പ്രയാസം നേരിടുകയാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ഊര്‍ജ മന്ത്രി ജി ജഗദീശ്വര്‍ റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.

Also Read:വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ല, പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഈമെയിൽ സന്ദേശം അയക്കും: കോടിയേരി

ശ്രീശൈലം അണക്കെട്ടിന്റെ തെലങ്കാന ഭാഗത്താണ് ഇടതുകര പവർ ഹൗസ് സ്ഥിതിചെയ്യുന്നത്. 900 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 150 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് ഈ പവർ ഹൗസിലുള്ളത്.  അണക്കെട്ടിന്റെ പകുതി ആന്ധ്രാപ്രദേശിന്റെ ഭാഗമാണ്.

അപകടം സംബന്ധിച്ച് രാത്രി 11.4നു ഫോൺ കോൾ ലഭിച്ചുവെന്നും ഉടൻ അഞ്ച് അഗ്നിശമന സേനാ സംഘങ്ങളെ സംഭവസ്ഥലത്തേക്കയച്ചുവെന്നും നാഗാർക്കർനൂൾ ജില്ലാ അഗ്നിശമന ഓഫീസർ ശ്രീ ദാസ് പറഞ്ഞു. കോത്തക്കോട്ട, മഹാബബുബ്നഗർ, അമരാബാദ്, അച്ചാംപേട്ട എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നും ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലെ ആത്മകുരിൽ നിന്നുമുള്ള സംഘങ്ങളെയാണ് അയച്ചത്.

“ഒരു എൻ‌ട്രി / എക്സിറ്റ് പോയിന്റ് മാത്രമേയുള്ളൂ. തുരങ്കത്തിനുള്ളിൽ ഒരു കിലോമീറ്റർ വരെ പോകാൻ ഞങ്ങളുടെ സേനാംഗങ്ങൾക്ക് കഴിഞ്ഞു. ഇനിയും 500 മീറ്ററോ അതിൽ കൂടുതലോ ഉണ്ട്. നിലവിൽ ഈ സ്ഥലത്ത് കനത്ത പുക നിറഞ്ഞിരിക്കുകയാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്.

Read in English: Telangana Srisailam power plant fire: Bodies of three assistant engineers found, CM orders CID probe

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook