സന: യെമനിൽ സൗജന്യ ധനസഹായ വിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു. യെമൻ തലസ്ഥാനമായ സനയിൽ ഒരു സ്‌കൂളിൽ ഒരാൾക്ക് ഒൻപത് ഡോളർ വീതം നൽകിയത് സ്വീകരിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
13 പേർ ഗുരുതരാവസ്ഥയിലാണെന്നും നിരവധി ആളുകൾക്ക് പരുക്കേറ്റതായും സനയിലെ ആരോഗ്യ ഡയറക്ടറെ ഉദ്ധരിച്ച് യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം നടത്തുന്ന പ്രധാന ടെലിവിഷൻ വാർത്താ ഔട്ട്‌ലെറ്റായ അൽ മസിറ ടിവി റിപ്പോർട്ട് ചെയ്തു.
ഈദുൽ ഫിത്തറിന് മുമ്പായി ധനസഹായം വിതരണം ചെയ്യുന്നത് വാങ്ങാനെത്തിയ ആളുകളാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
5,000 യെമൻ റിയാൽ അല്ലെങ്കിൽ ഒരാൾക്ക് ഏകദേശം ഒൻപത് ഡോളർ എന്നിങ്ങനെ സംഭാവനകൾ സ്വീകരിക്കാനാണ് നൂറുകണക്കിന് ആളുകൾ സ്കൂളിൽ തിങ്ങിക്കൂടിയിരുന്നതെന്ന്, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ റോയിട്ടേഴ്സിനോട് പറഞ്ഞു. പരിപാടി സംഘടിപ്പിച്ച രണ്ട് വ്യാപാരികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു.