കിഴക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ കുട്ടികള്‍ അടക്കം 75 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ദൈര്‍ എസറില്‍ നടന്ന ആക്രമണത്തില്‍ 140ല്‍ പരം പേര്‍ക്ക് പരുക്കേറ്റു.
സിറിയന്‍ സൈന്യവും അമേരിക്കന്‍ പിന്തുണയോടെ കുര്‍ദ്ദിഷ്- അറബ് സഖ്യസൈന്യവും ഐഎസിനെതിരെ പോരാട്ടം നടത്തവെ പലായനം ചെയ്യാന്‍ ശ്രമിച്ച സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ദൈര്‍ എസറയില്‍ പോരാട്ടം രൂക്ഷമായതോടെ നിരവധി പേര്‍ മരുഭൂമിയിലേക്കും മറ്റും കൂട്ടത്തോടെ പലായനം ചെയ്തിരുന്നു. ഇതിനിടെ കുടുങ്ങിപ്പോയവരാണ് കൊല്ലപ്പെട്ടത്.
സിറിയന്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ മരുഭൂമിയിലുളള ഒരു അഭയാര്‍ത്ഥി ക്യാംപിലും സാധാരണക്കാര്‍ അഭയം തേടിയിട്ടുണ്ട്. നേരത്തേയും പ്രദേശത്ത് ഐഎസ് ആക്രമണം നടത്തിയിട്ടുണ്ട്. ഒക്ടോബര്‍ 12ന് നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. സന്നദ്ധ സംഘടനകളുടെ കണക്ക് പ്രകാരം മൂന്നര ലക്ഷം പേരാണ് ഇതുവരെ ദൈര്‍ എസറില്‍ നിന്നും പലായനം ചെയ്തത്.