യാവുന്‍ഡെ: കാമറൂണിൽ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോള്‍ മത്സരം നടന്ന സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും ആറുമരണം. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. മത്സരം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. യാവുണ്ടെയിലെ ഒലെംബേ സ്റ്റേഡിയത്തിൽ കാമറൂണും കൊമോറോസും തമ്മിലുള്ള മത്സരത്തിനു മുൻപായിരുന്നു അപകടം.
കൂടുതൽ മരണങ്ങൾ ഉണ്ടായേക്കുമെന്ന് കാമറൂണിന്റെ മധ്യമേഖലാ ഗവർണർ നസെരി പോൾ ബിയ പറഞ്ഞു. “മരണപ്പെട്ടവരുടെ ആകെ എണ്ണം നൽകാൻ കഴിയുന്ന സാഹചര്യത്തിലല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരുക്കേറ്റ 40 ഓളം പേരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചതായി അടുത്തുള്ള മെസാസി ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടികളും തിരക്കിൽപ്പെട്ടതായി സ്റ്റേഡിയത്തിലുണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌റ്റേഡിയത്തിന്റെ ഗേറ്റുകൾ അടയ്ക്കുകയും ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്‌തതോടെയാണ് സംഭവമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഏകദേശം 50,000 പേർ മത്സരം കാണാനെത്തിയതായി അധികൃതർ പറഞ്ഞു. സ്റ്റേഡിയത്തിന് 60,000 കപ്പാസിറ്റിയുണ്ട്, എന്നാൽ കോവിഡ് വ്യാപനം കാരണം 80 ശതമാനം സിറ്റിങ് കപ്പാസിറ്റി മാത്രമാണ് അനുവദിച്ചിരുന്നത്. സ്റ്റേഡിയത്തിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.
ദുരന്തത്തിനു പിന്നാലെ നടന്ന മത്സരത്തിൽ കൊമോറൊസ് ദ്വീപിനെ തകർത്ത് കാമറൂണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.