ലക്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം ഉത്തര്‍പ്രദേശില്‍ ബിജെപി, എസ്പി, ബിസ്പി പാര്‍ട്ടികളില്‍ നിന്നായി കുറഞ്ഞത് അഞ്ച് രാഷ്ട്രീയ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെടിവച്ചോ ആക്രമിച്ചോ ആണ് കൊലപ്പെടുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അണികളുടെ കൊലപാതകത്തിന്റെ പേരില്‍ പരസ്പരം പഴിചാരുകയാണ്.
എസ്പി നേതാക്കള്‍ ഒന്നിന് പുറകെ ഒന്നായി കൊല്ലപ്പെടുകയാണെന്നും അന്വേഷണത്തില്‍ പൊലീസ് അഴിമതി കാണിക്കുകയാണെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ നടന്ന അഞ്ച് കൊലപാതകങ്ങള്‍:
അമേത്തി(മെയ് 25): അമേത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്ന ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിങിന്റെ കൊലപാതകം ഞെട്ടിക്കുന്നതായിരുന്നു. ബറോളിയ ഗ്രാമത്തിലെ തന്റെ വീടിന് പുറത്ത് കിടന്നുറങ്ങവെയാണ് സുരേന്ദ്രയെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയോട് ഉത്തരവിട്ടു.
Read More: സ്മൃതി ഇറാനിയുടെ അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരകൻ വെടിയേറ്റു മരിച്ചു
ഗാസിയാപൂര്‍(മെയ് 24): എസ്പി പ്രവര്‍ത്തകനും ജില്ലാ പഞ്ചായത്ത് അംഗവുമായ വിജയ് യാദവ് എന്ന പപ്പുവും തന്റെ വീടിന് പുറത്ത് വച്ച് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അപരിചിതരായ മൂന്നുപേരുടെ പേരുകളാണ് കേസില്‍ ഉയര്‍ന്നു കേൾക്കുന്നത്.
ജോന്‍പൂര്‍(മെയ് 30): എസ്പിയുടെ പ്രാദേശിക നേതാവ് ലാല്‍ജി യാദവിനെ ഉദാലി ഗ്രാമത്തില്‍ വച്ച് തിരിച്ചറിയാത്ത മൂന്ന്-നാല് ആളുകള്‍ ചേര്‍ന്ന് കൊല്ലപ്പെടുത്തി. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍ ഉടന്‍തന്നെ കണ്ടെത്തുമെന്നും സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് യാദവ് അറിയിച്ചു.
Read More: വെടിയേറ്റ് മരിച്ച തിരഞ്ഞെടുപ്പ് പ്രചാരകന്റെ ശവമഞ്ചവുമായി സ്മൃതി ഇറാനി, വീഡിയോ
ഗ്രേറ്റര്‍ നോയ്ഡ(മെയ് 31): എസ്പിയുടെ രാംതെക് കട്ടാരിയ ജര്‍ച്ചാ റോഡില്‍ തന്റെ കാറിനുള്ളില്‍ അപരിചിതനാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. എഫ്‌ഐആറില്‍ ഒരു ബിജെപി ഓഫീസ് ഭാരവാഹി ഉള്‍പ്പെടെ ആറുപേരുടെ പേരുകളാണ് ഉള്ളത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍ ആണെങ്കിലും പാര്‍ട്ടിക്ക് കൊലാപതകവുമായി ബന്ധമില്ല എന്നാണ് പൊലീസ് പറയുന്നത്.
ബിജ്‌നോര്‍(മെയ് 28): ബിഎസ്പി നേതാവ് ഹാജി എഹ്‌സാന്‍ അഹ്മദും അദ്ദേഹത്തിന്റെ മരുമകന്‍ ഷദാബും തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. പാര്‍ട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിയെ അഭിനന്ദിക്കാന്‍ മധുരവുമായാണ് അക്രമി ഓഫീസിനകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നാമനായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More: ‘പിരിയാന്‍ വേണ്ടി ഒന്നിച്ചവര്‍’; എസ്.പിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ബി.എസ്.പി
അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിലെ വിള്ളലുകൾ പുറത്തുവരുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബി.എസ്.പി (ബഹുജൻ സമാജ് വാദി പാർട്ടി) തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിക്കാനായി ബി.എസ്.പി അധ്യക്ഷ മായാവതി പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.എസ്.പി യോഗത്തിലാണ് മായാവതി സുപ്രധാന തീരുമാനം അറിയിച്ചത്.
പാര്‍ട്ടി സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ മായാവതി യോഗത്തില്‍ നിര്‍ദേശം നല്‍കി. വോട്ട് നേടാന്‍ മഹാസഖ്യത്തിലുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ വരരുതെന്നും മായാവതി പാര്‍ട്ടി അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.