മുംബൈ: ശനിയാഴ്ച മുതൽ തുടങ്ങിയ കനത്ത മഴയിൽ മുംബൈയിൽ അഞ്ചു പേർ മരിച്ചു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഇന്നും മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളുന്നില്ല. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നിർത്തിവച്ച ലോക്കൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. 30 സെന്റീമീറ്റർ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2005 ന് ശേഷം മുംബയിൽ പെയ്യുന്ന ഏറ്റവും ശക്തമായ മഴയെ തുടർന്ന് റോഡ്- വ്യോമ ഗതാഗതം തടസപ്പെട്ടിരുന്നു അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്തനിവാരണ സേന സജ്ജമായിട്ടുണ്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്.

ശക്തമായ മഴയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം മൂന്ന് പേരാണ് മരിച്ചത്. മഴക്കെടുതിയില്‍ താനെയിലും രണ്ട് പേര്‍ മരിച്ചു. അടിയന്തിര ആവശ്യങ്ങളില്ലെങ്കില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പൊതു ജനത്തിന് നല്‍കിയ നിര്‍ദേശം.

മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഢ് മേഖലകളില്‍ പ്രളയസമാനമായ അവസ്ഥയായിരുന്നു. മിക്കയിടത്തും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അതിനിടെ മഴ ഗുജറാത്തിലേക്കും ഗോവയിലേക്കും കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും മഴയുള്ളപ്പോള്‍ അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ