മോസ്കോ: റഷ്യന്‍ പട്ടണമായ കെമെറോവോയിലെ ഷോപ്പിങ് കോംപ്ലെക്സിലുണ്ടായ തീപിടിത്തത്തില്‍ 37 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. 69 പേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുന്നതായാണ് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിന്റര്‍ ചെറി കെട്ടിടത്തിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപടര്‍ന്നത്. തീപിടുത്തത്തെ തുടര്‍ന്ന് ശക്തമായ പുക ഉയര്‍ന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതായാണ് പ്രഥമിക വിവരം. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റഷ്യന്‍ അന്വേഷണ സമിതി പ്രതിനിധി സെറ്റ്ളാന പാട്രന്ക അറിയിച്ചു.
കെട്ടിടത്തിലെ സിനിമാഹാളിനും വിനോദ മേഖലയ്ക്കും സമീപത്താണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നു. ഇതാണ് അപകടത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെടാന്‍ കാരണം. തീപിടിത്തത്തില്‍ സിനിമാഹാളിന്റെ മേല്‍ക്കൂര തകര്‍ന്നതും അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
തീപിടിക്കാനുണ്ടായ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. മോസ്കോയില്‍ നിന്നും 3,000 കി.മി. അകലെയാണ് മാള്‍ സ്ഥിതി ചെയ്യുന്നത്. മുകളിലത്തെ നിലയില്‍ നിന്നും ആരംഭിച്ച തീ താഴേക്ക് പടരുകയായിരുന്നു. തീപൊളളലേറ്റാണോ പുക ശ്വസിച്ചാണോ മരണം ഉണ്ടായതെന്ന് വ്യക്തമല്ല. 2013ല്‍ തുറന്ന മാളില്‍ സിനിമാ ഹാള്‍, മൃഗശാല, കുട്ടികളുടെ പാര്‍ക്ക് എന്നിവയുമുണ്ട്.