റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു.  ഹർചന്ദ്പുർ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. ന്യൂ ഫറാക്കാ എക്സ്പ്രസിന്റെ ഒൻപത് ബോഗികളാണ് പാളം തെറ്റിയത്.

പരിക്കേറ്റ നാൽപ്പതോളം പേരെ ആശുപത്രിയിലെത്തിച്ചതായാണ് വിവരം. അതേസമയം ട്രെയിനിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്.  ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.  ദേശീയ ദുരന്തനിവാരണ സേനയെ ഹര്‍ഷന്ദ്പൂര്‍ റെയിൽവേ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

റായ്ബറേലിയിൽനിന്നും ഡൽഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയിൽവേ പൊലീസും ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, ട്രെയിൻ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. റെയിൽവേ ബോർഡ് ചെയർമാൻ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചതായും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

വെസ്റ്റ് ബംഗാളിലെ മാൾഡ സ്റ്റേഷനിൽ നിന്നും ചൊവ്വാഴ്ച രാവിലെയാണ് ട്രെയിൻ ഡൽഹിക്ക് പുറപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.35 നായിരുന്നു ഡൽഹിയിൽ എത്തിച്ചേരേണ്ടത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook