കൊച്ചി: കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മ്യാന്മറിൽ നിന്ന് ജീവനും കൊണ്ടോടിയ അഭയാർത്ഥികൾക്ക് ഇന്ത്യൻ അതിർത്തിയിൽ സുരക്ഷയൊരുക്കി. തിങ്കളാഴ്ച മാത്രം മിസോറാം അതിർത്തിയിലെ രണ്ട് വില്ലേജുകളിലായി 280 പേർ അഭയം തേടിയെത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

മിസോറാമിലെ തെക്കേയറ്റത്തുള്ള സിയാഹ ജില്ലയിലാണ് മ്യാന്മറിൽ നിന്നുള്ള അഭയാർത്ഥികൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. മ്യാന്മറിലെ അരകൻ ജില്ലയിൽ നിന്നാണ് ഇവർ എല്ലാവരും എത്തിയിരിക്കുന്നത്. അരകൻ ജന വിഭാഗത്തിലെ വിഘടന വാദികളും മ്യാന്മാർ സായുധ സേനയിലെ അംഗങ്ങളും തമ്മിലുള്ള യുദ്ധമാണ് പലായനത്തിന് കാരണമായിരിക്കുന്നത്. 280 ലധികം പേർ അതിർത്തി കടന്ന് മിസോറാമിൽ എത്തിയതായി ഇന്ത്യൻ പട്ടാളം മ്യാന്മാർ സായുധ സേനയെ അറിയിച്ചിട്ടുണ്ട്.

മിസോറാമിലെ ലുംഗ്‌പുക് വില്ലേജിൽ 200 ലധികം പേരും കൽഖി ഹാംലെറ്റ് വില്ലേജിൽ 80 ഓളം പേരുമാണ് ഇതുവരെ അഭയാർത്ഥികളായി എത്തിയിട്ടുള്ളത്. ആസാം റൈഫിൾസ് അംഗങ്ങളും ജില്ല ഭരണകൂടവുമാണ് അത്യാവശ്യ സൗകര്യങ്ങളുമായി അഭയാർത്ഥികൾക്ക് ആശ്വാസം നൽകിയിരിക്കുന്നത്.

ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങളൊരുക്കി നാട്ടുകാരും രംഗത്തുണ്ട്. ഇവിടുത്തെ അഭയാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നതിന്റെ പ്രത്യേക ചുമതല ജില്ല പൊലീസ് സൂപ്രണ്ടിനാണ് നൽകിയിരിക്കുന്നത്. മ്യാന്മറിൽ റാകി വില്ലേജിൽ നിന്നുള്ള ആളുകളാണ് പലായനം ചെയ്തിരിക്കുന്നതെന്നാണ് വിവരം.

പലായനം ചെയ്ത ആളുകൾക്ക് ആവശ്യമായ സഹായം നൽകണമെന്ന് മ്യാന്മാർ സേന ആസാം റൈഫിൾസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം മുൻനിർത്തിയാണ് പലായനം ചെയ്തവരെ മിസോറാമിലെ രണ്ട് വില്ലേജുകളിലായി സൈന്യം പാർപ്പിച്ചിരിക്കുന്നത്. ഇവിടെ സംസ്ഥാന പൊലീസ് സേനയ്ക്ക് പുറമേ ആസാം റൈഫിൾസിലെ അംഗങ്ങളും സുരക്ഷയ്ക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook