മുംബൈ: ബൈകുല്ല പ്രദേശത്ത് ആറു നില കെട്ടിടം തകര്‍ന്നു വീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. കൂടുതൽ പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തൽ.

19 പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. എട്ടോളം പേർ ഇപ്പോഴും കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നാണ് അഗ്നിശമന സേന നൽകിയ വിവരം. 2005 ന് ശേഷം ഏറ്റവും ശക്തമായ മഴ മുംബൈ നഗരത്തെ നിശ്ചലമാക്കി രണ്ട് ദിവസത്തിന് ശേഷമാണ് കെട്ടിടം തകർന്നുവീണത്.

ഭേണ്ഡി ബസാറിലെ പക്മോദയ സ്ട്രീറ്റിലെ 117 വർഷം പഴക്കമുള്ള ഹുസൈനി ബിൽഡിങ്ങാണ് തകർന്നുവീണത്. കെട്ടിടം തകർന്നുവീണപ്പോൾ സമീപത്തുണ്ടായിരുന്ന കടകളും കെട്ടിടങ്ങളും അപകടത്തിൽ പെട്ടിരുന്നു. ദുരന്ത നിവാരണ സേനയിലെ 90 പേർ ഇന്നലെ രക്ഷാപ്രവർത്തനത്തിന് രാവിലെ തന്നെ എത്തിയിരുന്നു. അതേസമയം, കെട്ടിടത്തിന് സമീപത്തേക്ക് വാഹനങ്ങൾ എത്തിച്ചേരാനുള്ള ഗതാഗത സംവിധാനം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിൽ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.

കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ താമസക്കാര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും പകുതിയോളം പേര്‍ ഒഴിഞ്ഞുപോയിരുന്നെന്നും എംഎല്‍എ അമീന്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറഞ്ഞു. പഴക്കമേറിയ കെട്ടിടത്തില്‍ ചോര്‍ച്ച ഉള്‍പ്പെടെ നിരവധി പരാതികള്‍ നേരത്തേ ഉണ്ടായിരുന്നു. ആറു കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നതായും പട്ടേല്‍ പറഞ്ഞു.

പരുക്കേറ്റവരെ സമീപത്തുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്‌മോഡിയ സ്ട്രീറ്റിനടുത്തുള്ള മൗലാന ഷൗക്കത്ത് അലി റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ 8.38നാണ് അപകടവിവരം അറിയിച്ചുകൊണ്ട് അഗ്നിശമനസേനയ്ക്ക് ഫോണ്‍ കോള്‍ എത്തുന്നത്.

10 യൂണിറ്റ് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ