ഹാർവാർഡ്: തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാട് ബിജെപി അനുകൂലമാകരുതെന്ന തന്‍റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് നടൻ കമൽഹാസൻ. അമേരിക്കയിലെ  ഹാർവാർഡ് സർവ്വകലാശാലയിലെ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് കാവി ആകരുതെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“എന്‍റെ രാഷ്ട്രീയ കാഴ്ചപ്പാട് ചുവപ്പല്ല. രജനികാന്തിന്‍റെ രാഷ്ട്രീയ നിറം കാവി ആകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി അഥവാ കാവിയാണെങ്കിൽ ഒരു സഖ്യം ഒരിക്കലും സാധ്യമല്ല”, കമൽഹാസൻ തന്‍റെ നയം വ്യക്തമാക്കി.

“എന്‍റെ സമകാലികരുടെ ചിത്രങ്ങളിൽ വ്യത്യസ്തമായിരുന്നു എന്‍റെ സിനിമകൾ. ആ നിലയിൽ തന്നെയാകും എന്റെ രാഷ്ട്രീയ നിലപാടും.  ഏതെങ്കിലും നിശ്ചിത രാഷ്ട്രീയ ആശയത്തോടൊപ്പം നിൽക്കുക ബുദ്ധിമുട്ടാണ്. അതിനാൽ അന്താരാഷ്ട്ര രാഷ്ട്രീയത്തെ വിശകലനം ചെയ്ത ശേഷമാകും എന്‍റെ തീരുമാനം. തമിഴ്‌നാടിനെ അഴിമതി വിരുദ്ധമാക്കുകയെന്നതാണ് ഞാനുയർത്തിപ്പിടിക്കുന്ന ലക്ഷ്യം”, അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 21 ന് രാമേശ്വരത്ത് വച്ച് കമൽഹാസൻ തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും.  ഇവിടെ നിന്ന് ഇദ്ദേഹം സംസ്ഥാന ജാഥയും ആരംഭിക്കും. ‘നാളൈ നമതേ’ എന്നാണ് യാത്രയുടെ പേര്.  ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കാനാണ് ഈ റാലിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ