നാസിക്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് മന്ത്രിയും എംഎൽമാരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തത് വിവാദമാകുന്നു. ബിജെപി നേതാവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ ഗിരീഷ് മഹാജൻ, ബിജെപി എംഎൽഎമാരായ ദേവ്‌യാനി ഫരണ്ടെ, ബാലാസാഹേബ് സനപ്, സീമ ഹിരയ്, അസിസ്റ്റന്‍ഡ് കമ്മീഷണറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമടക്കം പത്തിലധികം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥർ, മുൻസിപ്പൽ കൗൺസിലർമാർ എന്നിങ്ങനെ വൻ നിരതന്നെ വിവാഹത്തിൽ പങ്കെടുത്തു.

ഇന്ത്യ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച ദാവൂദിന്റെ ബന്ധുവിന്റെ വിവാഹത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നാസിക് പൊലീസ് മേധാവി രവീന്ദ്ര സിംഗാൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിംഗാളിനോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മേയ് 19 ന് നടന്ന വിവാഹ വിരുന്നിലാണ് മന്ത്രിയും എംഎൽഎയും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുളളവർ പങ്കെടുത്തത്. ദാവൂദിന്റെ ഭാര്യാ സഹോദരിയുടെ മകളുടേതായിരുന്നു വിവാഹം.

അതേസമയം, കുടുംബത്തിന് ദാവൂദുമായുളള ബന്ധം അറിയില്ലെന്നായിരുന്നു മന്ത്രി ഗിരീഷ് മഹാജൻ പ്രതികരിച്ചത്. മുസ്‌ലിം മത പുരോഹിതന്റെ ക്ഷണ പ്രകാരമാണ് വിവാഹത്തിനെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ