ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍ വെല്‍ത്ത് ഗെയിംസ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗോള്‍ഡ് കോസ്റ്റിലെ ഗെയിംസ് വില്ലേജില്‍ നിന്ന് ഉപയോഗിച്ച് ഉപേക്ഷിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയത് വിവാദമാകുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള താമസസ്ഥലത്തിന് പുറത്തുളള മാലിന്യ കൊട്ടയില്‍ നിന്നാണ് സിറിഞ്ച് കണ്ടെത്തിയത്. തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി മുതിര്‍ന്ന ബോക്സിങ് താരങ്ങളുടെ മുറി പരിശോധിച്ച് സാധനങ്ങള്‍ പിടിച്ചെടുത്തു. ഒരു പ്ലാസ്റ്റിക് ബോട്ടിലിന് അകത്ത് സൂക്ഷിച്ച ഉപയോഗിച്ച മറ്റൊരു സിറിഞ്ചും സംഘം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ബോക്സിങ് താരങ്ങള്‍ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. തുടര്‍ന്ന് സംഭവത്തില്‍ ഗെയിംസ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന് 12 അംഗ ബോക്സിങ് സംഘത്തെ ഉത്തേജക മരുന്ന് പരിശോധന നടത്തി. പരിശോധനാ ഫലം മൽസരങ്ങള്‍ തുടങ്ങും മുമ്പ് പുറത്തുവരും.

സംഭവത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരപരാധികളാണെന്ന് ഗെയിംസിലെ ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ താരങ്ങളുടെ താമസസ്ഥലത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയെന്ന നിലയ്ക്കാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും ഗെയിംസ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അത്‌ലറ്റ്‌സ് വില്ലേജിലെ ജീവനക്കാരാണ് സിറിഞ്ച് കണ്ടെത്തിയ വിവരം ഗെയിംസ് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഗ്രെവംബെര്‍ഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

സിറിഞ്ചുകള്‍ കണ്ടെത്തിയ കെട്ടിടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല താമസിക്കുന്നതെന്ന് ടീം വക്താവ് പറയുന്നു. അതേ കെട്ടിടത്തില്‍ മറ്റനവധി രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളേയും പാര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിഞ്ചുകളുടെ പരിശോധനാ ഫലം പുറത്ത് വന്നതിന് ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ നടത്തുമെന്ന് കോമണ്‍ വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മേധാവി ഡേവിഡ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ