ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ താരങ്ങളുടെ ലൈംഗിക ആരോപണങ്ങൾ ശരിയാണെന്ന് ഫിസിയോതെറാപ്പിസ്റ്റ്. 2014 ൽ ലക്നൗവിലെ ദേശീയ ക്യാംപിലുണ്ടായിരുന്ന സമയത്ത് മൂന്നു ജൂനിയർ വനിതാ ഗുസ്തി താരങ്ങൾ അവർ നേരിട്ട സമ്മർദത്തെക്കുറിച്ചും രാത്രിയിൽ ബ്രിജ് ഭൂഷണെ ചെന്നു കാണാൻ ആവശ്യപ്പെട്ടതിനെക്കുറിച്ചും തന്നോട് പറഞ്ഞതായി ഫിസിയോതെറാപ്പിസ്റ്റ് പരംജീത് മാലിക് വെളിപ്പെടുത്തി.
പെൺകുട്ടികൾ തങ്ങൾക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് മുതിർന്ന താരങ്ങളോട് പറഞ്ഞ് കരയുകയായിരുന്നു. ഈ വിവരം താൻ വനിതാ കോച്ച് കുൽദീപ് മാലിക്കിനോട് പറഞ്ഞുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
ലക്നൗവിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിലെ ക്യാംപിൽ നിന്ന് മൂന്നു നാലു കേഡറ്റ് ഗുസ്തിക്കാരെ പുറത്തു കൊണ്ടുപോകുന്നത് താൻ കണ്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ”10 മണിയോടെ ഈ പെൺകുട്ടികൾ പുറത്തേക്ക് പോയി. ബ്രിജ് ഭൂഷണിന്റെ ഡ്രൈവർ അടക്കമുള്ള സഹായികളാണ് പെൺകുട്ടികളെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. അവർക്ക് എന്താണ് സംഭവിച്ചതെന്ന് പെൺകുട്ടികൾ പിന്നീട് തന്നോട് പറഞ്ഞു,” പരംജീത് ആരോപിച്ചു.
തങ്ങൾക്കു മേൽ സമ്മർദമുണ്ടായെന്നും രാത്രി ബ്രിജ് ഭൂഷണിനെ ചെന്നു കാണാൻ ആവശ്യപ്പെട്ടതായും പെൺകുട്ടികൾ പറഞ്ഞു. മുതിർന്ന ഗുസ്തി താരങ്ങളോട് മൂന്ന് പെൺകുട്ടികളെങ്കിലും ഇതേക്കുറിച്ച് സംസാരിച്ചു. അവർ കടന്നപോയ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ ആ പെൺകുട്ടികൾ കരഞ്ഞതിന് ഞാൻ ദൃക്സാക്ഷിയാണെന്ന് പരംജീത് പറഞ്ഞു.

2014 ൽ ഞാൻ ഗീത ഫോഗട്ടിന്റെ (ലോക ചാമ്പ്യൻഷിപ് ജേതാവ്) ഫിസിയോ ആയിരുന്നു. ലക്നൗവിൽ നടന്ന ദേശീയ ക്യാംപിനിടെ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് കേഡറ്റ് ഗുസ്തിക്കാർ എന്നോട് സംസാരിക്കുമ്പോൾ പൊട്ടിക്കരയുകയും എന്റെ ഭാര്യ സുമൻ കുണ്ടു ഉൾപ്പെടെയുള്ള മുതിർന്ന ഗുസ്തി താരങ്ങളോട് വിവരിക്കുകയും ചെയ്തു. പരാതിപ്പെട്ടപ്പോൾ എന്നോട് ക്യാംപിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എന്തിനാണ് പെൺകുട്ടികൾ ഇതിനെക്കുറിച്ച് പറയുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ദേശീയ ക്യാംപ് ലിസ്റ്റിൽ നിന്ന് തങ്ങളുടെ പേരുകൾ മാറ്റുമെന്ന ഭീഷണിയെ തുടർന്ന് അവർ ഭയപ്പെട്ടു. മാത്രമല്ല, സെലക്ഷൻ ട്രയൽസ് ന്യായമായിരിക്കില്ലെന്ന് അവർ ഭയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ കായിക മന്ത്രാലയം രൂപീകരിച്ച മേൽനോട്ട സമിതിക്ക് മുമ്പാകെ ഫെബ്രുവരിയിൽ രണ്ടുതവണ ഹാജരായതായി പരംജീത് പറഞ്ഞു. ”ആദ്യം നേരിട്ടും പിന്നീട് വീഡിയോ കോളിലുമാണ് ഹാജരായത്. കമ്മിറ്റിക്കു മുൻപാകെ 2014 ലെ സംഭവത്തെക്കുറിച്ച് വിവരിച്ചപ്പോൾ കമ്മിറ്റി അംഗങ്ങളിൽ ഒരാളായ യോഗേശ്വർ ദത്ത് ആവർത്തിച്ച് എന്നെ തടസപ്പെടുത്തുകയും തെളിവ് ചോദിക്കുകയും ചെയ്തു. ബോക്സർ മേരി കോം (മേൽനോട്ട സമിതിയുടെ ചുമതല) ഇടപെട്ടതിന് ശേഷമാണ് വിവരങ്ങൾ പറയാൻ എന്നെ അനുവദിച്ചത്,”പരംജീത് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയടക്കം ഏഴു വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്. 2012 മുതൽ 2022 വരെ തങ്ങൾ നേരിട്ട ലൈംഗിക പീഡനത്തിന്റെ ഒന്നിലധികം സംഭവങ്ങൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ന്യൂഡൽഹിയിലെ അശോക റോഡിലുള്ള ബ്രിജ് ഭൂഷം എംപിയുടെ ബംഗ്ലാവിൽ നാല് തവണയെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായതായി പെൺകുട്ടികൾ പറഞ്ഞിട്ടുണ്ട്.