scorecardresearch
Latest News

നാലു മാസത്തിനിടെ 8 തവണ, കർണാടകയിൽ പ്രധാനമന്ത്രി മോദിയുടെ റെക്കോർഡ് സന്ദർശനം

2015 ജനുവരി മുതൽ 32 തവണയാണ് മോദി കർണാടകയിലെത്തിയത്

narendra modi, bjp, ie malayalam

ബെംഗളൂരു: ഏപ്രിൽ ഒൻപതിന് ടൈഗർ പ്രൊജക്ടിന്റെ ഗോൾഡൻ ജൂബിലിക്കായ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ എത്തി. നാലു മാസത്തിനിടെ അദ്ദേഹത്തിന്റെ എട്ടാമത്തെ സന്ദർശനമാണിത്. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ തവണ ഒരു സംസ്ഥാനം സന്ദർശിക്കുന്നത് ആദ്യമായാണിത്.

2015 ജനുവരി മുതൽ 32 തവണയാണ് മോദി കർണാടകയിലെത്തിയത്. ഈ സന്ദർശനങ്ങളിൽ 25 ശതമാനവും തിരഞ്ഞെടുപ്പ് വർഷമായിരുന്നു. 2018 ലാണ് രണ്ടാമതായി ഏറ്റവും കൂടുതൽ തവണ മോദി കർണാടക സന്ദർശിച്ചതെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വൈബ്സൈറ്റിലെ കണക്കുകൾ കാണിക്കുന്നു. അതും തിരഞ്ഞെടുപ്പ് വർഷമായിരുന്നു. ഏഴു സന്ദർശനങ്ങളിൽ ആറെണ്ണവും തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു. ഇതിൽ അഞ്ചെണ്ണം അനൗദ്യോഗികമായിരുന്നു. അതിനർഥം തിരഞ്ഞെുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനുശേഷമോ അല്ലെങ്കിൽ ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനോ വേണ്ടിയാണ് അദ്ദേഹം എത്തിയത്. മെയ് 1 നും 9 നും ഇടയിൽ നാല് തവണ വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടന്ന ക്യാംപെയിനിൽ മോദി പങ്കെടുത്തു.

ഇത്തവണയും മോദിയാണ് ബിജെപിയുടെ താരപ്രചാരകൻ. അദ്ദേഹത്തിന്റെ സന്ദർശനം രണ്ടക്കം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ സന്ദർശനങ്ങൾ ഒരു കൂട്ടം പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടതാണ്, അവയിൽ പലതും അപൂർണമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

2023-ലെ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം ജനുവരി 12-ന് ഹുബ്ബള്ളിയിൽ 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്തപ്പോഴാണ്. രണ്ടാമത്തേത് ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 19 ന് യാദ്ഗിറിലേക്കും കലബുറഗിയിലേക്കും ബഞ്ചാര സമുദായത്തിന് അവകാശ രേഖകൾ വിതരണം ചെയ്യാൻ എത്തി. മൂന്നാമത്തെ സന്ദർശനം ഫെബ്രുവരി ആറിന് ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ എനർജി വീക്കിന്റെ ഉദ്ഘാടനത്തിനും നാലാമത്തെ സന്ദർശനം ഫെബ്രുവരി 13 ന് എയ്‌റോ ഇന്ത്യ 2023 ന്റെ വിക്ഷേപണത്തിനുമായിരുന്നു. അഞ്ചാമത്തെ സന്ദർശനം ഫെബ്രുവരി 27 ന് ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനും ആറാമത്തെ സന്ദർശനം മാർച്ച് 12 ന് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനുമായിരുന്നു. ഏറ്റവും അടുത്തതും ഏഴാമത്തേതുമായ സന്ദർശന വേളയിൽ, മാർച്ച് 25 ന്, മോദി വൈറ്റ്ഫീൽഡ് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യുകയും മറ്റ് പരിപാടികൾക്ക് പുറമെ ദാവൻഗെരെയിൽ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.

2020 മാർച്ചിനും 2021 ജൂണിനുമിടയിൽ കോവിഡ് -19 ന്റെ രണ്ട് തരംഗങ്ങളിൽ മോദി ഒരിക്കൽ പോലും സംസ്ഥാനം സന്ദർശിച്ചിട്ടില്ലെന്നും ഡാറ്റ കാണിക്കുന്നു. 2020 ജനുവരി 2 നും 2022 ജൂൺ 20 നും ഇടയിലുള്ള 29 മാസമായിരുന്നു അദ്ദേഹത്തിന്റെ കർണാടക സന്ദർശനങ്ങൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളയെന്ന് പിഎംഒ പോർട്ടൽ പറയുന്നു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ പതിവ് സന്ദർശനങ്ങൾ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നികുതിദായകരുടെ പണം പാഴായതായി പ്രതിപക്ഷ കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലികളിൽ ബിജെപി നേതാക്കൾ കോടിക്കണക്കിന് രൂപ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് എംപി ഡി.കെ.സുരേഷ് പറഞ്ഞു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉദ്ഘാടനം ചെയ്ത കെമ്പഗൗഡ പ്രതിമയ്ക്ക് 59 കോടി രൂപ ചെലവ് വന്നപ്പോൾ ഉദ്ഘാടന പരിപാടിക്ക് ചെലവായത് 30 കോടി രൂപയാണെന്ന് അദ്ദേഹം ആരോപിച്ചു. മോദിയുടെ ഒരു പരിപാടിക്ക് പന്തൽ കെട്ടാൻ 12 കോടി ചെലവഴിച്ചെന്നും ഒരു കോടി രൂപ വെള്ളത്തിന് ചെലവായെന്നും സർക്കാർ അവകാശപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

2019ലെ വെള്ളപ്പൊക്ക സമയത്തും 2020ൽ കോവിഡ് സമയത്തും സംസ്ഥാനം ദുരിതത്തിലായപ്പോൾ മോദി അവഗണിച്ചുവെന്നാരോപിച്ച് കോൺഗ്രസിന്റെയും ജെഡി(എസിന്റെയും) സോഷ്യൽ മീഡിയ വിഭാഗങ്ങൾ ഈ സന്ദർശനങ്ങളെ മീമുകളും ഹ്രസ്വ വീഡിയോകളും ഉപയോഗിച്ച് വിമർശിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: At 8 times in 4 months pm modis karnataka visits set to be highest in a year