നൊവൽ കൊറോണ വൈറസിനെതിരായ തങ്ങളുടെ വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരിക്കുമെന്ന് മരുന്നുനിർമാതാക്കളായ ആസ്ട്രാസെനക. ഗുരുതരമായ ഒരു പാർശ്വ ഫലവുമില്ലാതെയാണ് ഈ ഫലങ്ങളെന്നും കമ്പനി വ്യക്തമാക്കി. ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് ആസ്ട്രാസെനക കോവിഡിനെതിരായ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിൻ വികസനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവച്ചാണ് ആസ്ട്രസെനക തങ്ങളുടെ വാക്സിനിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പറയുന്നത്.

കോവിഡ്-19 തടയുന്നതിന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിൻ 90% ഫലപ്രദമായിരുന്നുവെന്ന് ബ്രിട്ടനിലെയും ബ്രസീലിലെയും അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നു. ക്ലിനിക്കൽ ട്രയലിൽ ആദ്യം വാക്സിൻ പകുതി ഡോസായി നൽകുകയും ഒരു മാസത്തിനു ശേഷം മുഴുവൻ ഡോസ് നൽകുകയും ചെയ്യുകയായിരുന്നു.

Read More: കുറഞ്ഞ കേസുകളുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കുതിച്ചുചാട്ടം; പുതിയ ആശങ്ക

മറ്റൊരു ഡോസിംഗ് സമ്പ്രദായത്തിൽ രണ്ടു മാസമെങ്കിലും രണ്ട് പൂർണ്ണ ഡോസുകളായി വാക്സിൻ നൽകുമ്പോൾ 62% ഫലപ്രാപ്തി കാണിക്കുന്നു. രണ്ട് ഡോസിംഗ് ചട്ടങ്ങളിൽ നിന്നുമുള്ള സംയോജിതമായ വിശകലനത്തിൽ വാക്സിന് ശരാശരി 70% ഫലപ്രാപ്തിയുള്ളതായി കണ്ടെത്തി. എല്ലാ ഫലങ്ങളും പ്രാധാന്യമർഹിക്കുന്നുവെന്ന് കമ്പനി പറഞ്ഞു.

വാക്‌സിനുമായി ബന്ധപ്പെട്ട ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് രണ്ട് ഡോസിംഗ് സമ്പ്രദായങ്ങളിലും നന്നായി ടോളറേറ്റഡ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

“ഈ വാക്സിനിന്റെ ഫലപ്രാപ്തിയും സുരക്ഷയും കോവിഡ്-19 നെതിരെ വളരെ ഫലപ്രദമാകുമെന്നും ഇത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിൽ ഉടനടി ഗുണകരമാവുമെന്നും സ്ഥിരീകരിക്കുന്നു,” എന്ന് ആസ്ട്രാസെനകയുടെ ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Read More: മൊഡേണ കോവിഡ് വാക്‌സിന്‍: ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി

1.4 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമാവുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്ത ഒരു മഹാമാരിയെതിരായ പോരാട്ടത്തിൽ ഒരു പുതിയ വഴിത്തിരിവാണ് ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ ആസ്ട്രസെനകയുടെ പ്രാഥമിക ക്രിനിക്കൽ ട്രയൽ ഫലങ്ങൾ.

ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവരിൽ ആണുബാധയുണ്ടായ 131 പേരുടെ വിവരങ്ങളാണ് ഇടക്കാല വിശകലനത്തിലുള്ളത്. ഇതിൽ വാക്സിൻ നൽകിയവരും മെനഞ്ചൈറ്റിസിന്റെ ഒരു വാക്സിൻ നൽകിയ മറ്റൊരു വിഭാഗവും ഉൾപ്പെടുന്നു.

വാക്സിൻ പരീക്ഷണം നടത്തുന്ന യുഎസ് മരുന്നുകമ്പനികൾ തങ്ങളുടെ വാക്സിനുകൾക്ക് 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുള്ളതായി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ആസ്ട്രാസെനകയുടെ വാക്സിന് ഏകദേശം 90 ശതമാനം ഫലപ്രാപ്തിയുള്ളതായി വിശകലന ഫലം വരുന്നത്.

ആദ്യഘട്ട ഡാറ്റാ വിശകലനം അടിസ്ഥാനമാക്കി തങ്ങളുടെ പരീക്ഷണാത്മക വാക്സിൻ 94.5% ഫലപ്രദമാണെന്ന് യുഎസ് ആസ്ഥാനമായുള്ള മോഡേണ ഇൻകോർപറേറ്റഡ് നവംബർ 16 ന് പറഞ്ഞിരുന്നു.

Read More: ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉടൻ; വില 500 മുതൽ 600 വരെ

ഒരാഴ്ച മുമ്പ്, മറ്റൊരു യുഎസ് കമ്പനിയായ ഫൈസർ ഇൻകോർപറേറ്റഡ് ജർമ്മനിയുടെ ബയോനെടെക് എസ്ഇയുമായി ചേർന്ന് വികസിപ്പിക്കുന്ന തങ്ങളുടെ വാക്സിൻ കാൻഡിഡേറ്റ് 90 ശതമാനത്തിലധികം ഫലപ്രാപ്തി പ്രകടമാക്കിയിട്ടുണ്ടെന്നും അത് മുഴുവൻ ട്രയൽ ഡാറ്റ വിശകലനത്തിൽ 95 ശതമാനം ആയി ഉയർന്നുവെന്നും പറഞ്ഞിരുന്നു.

90 അണുബാധയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും റഷ്യയുടെ സ്പുട്നിക്-വി വാക്സിനും 90ശതമാനത്തിലധികം ഫലപ്രദമാണെന്ന് വിശകലന ഫലങ്ങൾ പുറത്തുവന്നിരുന്നു. നവംബർ 11 നാണ് സ്പുട്നിക്കിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook