ഇംഫാൽ: ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ഇറോം ശർമിള. രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. സ്വന്തം ജനങ്ങൾ തന്നെ എന്നെ കൈവിട്ടു. തോൽവിയെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ശർമിള പറഞ്ഞു. മണിപ്പൂരിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായുളള ഇറോം ശർമിളയുടെ വെളിപ്പെടുത്തൽ.

Read More: Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം; ഗോവയും മണിപ്പൂരും നേടാൻ കോൺഗ്രസ്-ബിജെപി മത്സരം

സായുധ സേനാ പ്രത്യേക അധികാര നിയമമായ അഫ്‌സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി തുടരുകയായിരുന്ന ഐതിഹാസികമായ നിരാഹാര സമരം അവസാനിപ്പിച്ചതിനു ശേഷമാണ് ഇറോം ശർമിള രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങിയ ശർമിളയ്ക്ക് അടിതെറ്റി. ജനങ്ങൾ തന്നെ ഒരിക്കലും കൈവിടില്ലെന്ന അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചു. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ്ങിനെതിരെ തൗബാൽ മണ്ഡലത്തിൽ മത്സരിച്ച ഇറോം പരാജിതയായി. ഒക്രാം ഇബോബി സിങ് 18,649 വോട്ട് നേടിയപ്പോൾ ഇറോമിന് 90 വോട്ട് മാത്രമാണ് നേടാനായത്.

Read More: ഫോട്ടോഫിനിഷിലേക്ക് തിരഞ്ഞെടുപ്പ് ഫലം: മണിപ്പൂർ മനസ്സിൽ ഒളിപ്പിച്ചത് എന്ത്?

പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പാർട്ടി രൂപീകരിച്ചാണ് ശർമിള തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനാഭിപ്രായം തേടി ഒറ്റയ്ക്കു സൈക്കിൾ യാത്രയും നടത്തിയിരുന്നു. എന്നാൽ ഉരുക്കു വനിതയുടെ പോരാട്ടങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ഗുണം നൽകിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook