ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയവരിൽ ക്രിമിനലുകളും ഗ്യാങ്സ്റ്ററുകളും. കൊലപാതക കേസ് പ്രതികളായ രഘുരാജ് പ്രതാപ് സിങ് (രാജ ഭയ്യ), അമൻമണി ത്രിപതി, ഡോൺ മുഖ്താർ അൻസാരി, ഗ്യാങ്സ്റ്ററുകളായ വിജയ് മിശ്ര, സുശീൽ സിങ് തുടങ്ങി ക്രിമിനൽ പശ്ചാത്തലമുളള നിരവധി പേരാണ് യുപി തിരഞ്ഞെടുപ്പിൽ വിജയം നേടിയത്.

സുശീൽ സിങ് ചന്ദൗലിയിൽനിന്നും ബിജെപി സീറ്റിലാണ് മൽസരിച്ച് ജയിച്ചത്. മുഖ്താർ മോ സദറിൽനിന്നുളള ബിഎസ്‌പി സ്ഥാനാർഥിയായിരുന്നു. രാജ ഭയ്യയും അമൻമണിയും സ്വതന്ത്ര സ്ഥാനാർഥികളായാണ് മൽസരിച്ചത്. ഇരുവരും മികച്ച വിജയം നേടുകയും ചെയ്തു. മിശ്രയാകട്ടെ നിർബൽ ഇന്ത്യൻ ഷോഷിത് ഹമാര ആം ദാൽ (നിഷാദ്) പാർട്ടി സ്ഥാനാർഥിയായി ഗ്യാൻപൂരിൽനിന്നാണ് മൽസരിച്ച് ജയിച്ചത്.

ജയിലിൽ കിടന്നുകൊണ്ടാണ് അമൻമണി തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. കഴിഞ്ഞ നവംബറിലാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അമൻമണിയെ സിബിഐ അറസ്റ്റ് ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം അതൊരു റോഡ് അപകടമാക്കി വരുത്തിത്തീർത്തുവെന്നാണ് ഇയാൾക്കെതിരെയുളള കേസ്. ശിവ്പാൽ യാദവ് സമാജ്‌വാദി പാർട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് അമൻമണി ഇപ്പോൾ മൽസരിച്ച നൗട്ടൻവായിൽ മൽസരിക്കാൻ ടിക്കറ്റ് നൽകിയിരുന്നു. എന്നാൽ അഖിലേഷ് യാദവ് പാർട്ടി തലപ്പത്തേക്ക് വന്നതോടെ അമൻമണിയുടെ ടിക്കറ്റ് റദ്ദാക്കുകയും പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.

Read More: ഭരണവിരുദ്ധവികാരം അലയടിച്ചു; ഉത്തരാഖണ്ഡില്‍ ‘കുങ്കുമ ഹോളി’

ഇതോടെയാണ് എസ്‌പി വിട്ട് അമൻമണി സ്വതന്ത്രനായി മൽസരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായ കൗഷൽ കിഷോർ സിങ്ങിനെ 32,256 വോട്ടുകൾക്കാണ് അമൻമണി പരാജയപ്പെടുത്തിയത്. അമൻമണി ജയിലിലായതിനാൽ അദ്ദേഹത്തിന്റെ സഹോദരിമാരായ തനുശ്രീ, അലംകൃത, അമ്മാവൻ അജീത്‌മണി എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിച്ചത്. അമൻമണിയുടെ മാതാപിതാക്കളായ മുൻ മന്ത്രിയും നാലു തവണ നൗട്ടൻവ മണ്ഡലത്തില എംഎൽഎയുമായ അമർമണി ത്രിപതിയും അമ്മ മധുമണിയും കവയിത്രി മധുമിത ശുക്ലയുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. നൗട്ടൻവയിലെ വോട്ടർമാർക്ക് തങ്ങളുടെ കുടുംബത്തിൽ വിശ്വാസമുണ്ടെന്നും അതിനാലാണ് അമൻമണി വിജയിച്ചതെന്നും അമ്മാവൻ അജീത്‌മണി പറഞ്ഞു.

പ്രതാപ്ഗർഹ് ജില്ലയിലെ കുണ്ടയിൽനിന്നാണ് രാജ ഭയ്യ വിജയിച്ചത്. തുടർച്ചയായ ആറാം തവണയാണ് ഇവിടെനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് രാജ ഭയ്യ വിജയിക്കുന്നത്. ബിജെപി സ്ഥാനാർഥിയായ ജാൻകി സരണിനെ 1,03,647 വോട്ടുകൾക്കാണ് അദ്ദേഹം തോൽപ്പിച്ചത്.

ഉത്തർപ്രദേശ് കാവി അണിഞ്ഞു, ‘കൈ’പിടിച്ച അഖിലേഷിന്റെ സൈക്കിൾ പഞ്ചറായി

മോ സദർ സീറ്റിൽനിന്നും അഞ്ചാം തവണയാണ് മുഖ്‌തർ ജയിക്കുന്നത്. സുഹേൽദേവ് ഭാർട്ടിയ സമാജ് പാർട്ടി സ്ഥാനാർഥിയായ മഹേന്ദ്ര രാജ്ഭറിനെ 8,698 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2005 മുതൽ ജയിലിലാണ് മുഖ്‌തർ. ജയിലിൽ കിടന്നാണ് അദ്ദേഹം മൽസരിച്ചത്. ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായ് കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിടുകയാണ് മുഖ്തർ.

Read More: പഞ്ചാബിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവ്; അമരീന്ദർ സിങ് മുഖ്യമന്ത്രിയാകും

ഗ്യാങ്സറ്ററിൽനിന്നും രാഷ്ട്രീയക്കാരനായി മാറിയ സുശീൽ സിങ് ബിഎസ്‌പി സ്ഥാനാർഥിയായ ശ്യാം നരേൻ സിങ്ങിനെ 14,494 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. വിജയ് മിശ്ര ബിജെപി സ്ഥാനാർഥിയായ മഹേന്ദ്ര കുമാറിനെ 20,230വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മുൻ എസ്‌പി എംഎൽഎയായിരുന്ന വിജയ് മിശ്ര, അഖിലേഷ് യാദവ് സീറ്റ് നൽകാതിരുന്നതോടെയാണ് നിഷാദ് പാർട്ടിയുടെ ടിക്കറ്റിൽ മൽസരിച്ച് ജയിച്ചത്.

ചിലർ മികച്ച വിജയം നേടിയപ്പോൾ മറ്റു ചിലർ പരാജിതരുമായി. ഇതിൽ ഗാങ്സ്റ്ററുകളായ ധനജ്ഞയ് സിങ്, അഭയ് സിങ് എന്നിവരുമുണ്ട്. ജയിലിൽ കിടക്കുന്ന ഗാങ്സ്റ്ററുകളുടെ ഭാര്യമാരും തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. അവരിൽ നിരവധി പേർ പരാജയപ്പെട്ടു. സഞ്ജീവ് മഹേഷ്‌വാരിയുടെ ഭാര്യ പായൽ, പ്രേം സിങ്ങിന്റ ഭാര്യ സീമ സിങ്, ഡി.പി.യാദവിന്റെ ഭാര്യ ഉംലേഷ് യാദവ് തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ