ഇംഫാൽ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കൂടുതൽ വ്യക്തമായി വരുന്പോൾ മണിപ്പൂർ ഫോട്ടോഫിനിഷിലേക്കാണ് നീങ്ങുന്നത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതിരുന്ന തിരഞ്ഞെടുപ്പിൽ നാഗാ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയും നിർണ്ണായക ഘടകങ്ങളായി മാറി. 21 സീറ്റുള്ള ബിജെപിക്കും 26 സീറ്റുള്ള കോൺഗ്രസ്സിനും 31 എന്ന കേവല ഭൂരിപക്ഷ സംഘ്യയിലെത്താൻ നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും പിന്തുണ കൂടിയേ തീരൂ.

ഒന്നര പതിറ്റാണ്ട് നീണ്ട കോൺഗ്രസ്രിന്റെ തുടർഭരണ രീതി അവസാനിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മണിപ്പൂരിൽ സർക്കാർ രൂപീകരിക്കുമെന്ന ഉറച്ച വാക്കുകളാണ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നൽകിയത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ആദ്യമായി കടന്നുവന്ന ബിജെപി യുടെ തന്ത്രങ്ങൾ ഫലിച്ചത്, വ്യക്തമായി തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാം.

എക്സിറ്റ് പോൾ ഫല സൂചികകളല്ല തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. ഇവിടെ ഭരണവിരുദ്ധ വികാരം മുൻകാലങ്ങളിലും ഉണ്ടാകാറുണ്ടെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോട് രാഷ്ട്രീയമായി  എതിരിടാനുള്ള പ്രതിപക്ഷം ഉണ്ടായിരുന്നില്ല. ബിജെപി യുടെ വരവ് ഈ വിടവിലേക്കാണ് എന്നതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രസക്തി വർധിപ്പിച്ചത്. കൃത്യമായ രാഷ്ട്രീയ നീക്കങ്ങളുമായി  വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കുന്ന ബിജെപി, മണിപ്പൂരിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ കക്ഷിയായി വളർന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

ബിജെപി യുടെ സന്പാദ്യം 36.1 ശതമാനം വോട്ടാണ്. അതേസമയം ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന് 34.7 ശതമാനം വോട്ടാണ് നേടാനയത്.  ഇതുവരെയുള്ള ഫലങ്ങളിൽ, 27 സീറ്റുകളിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. 21 സീറ്റുകളിൽ ബിജെപി യും ഉണ്ട്. കേവല ഭൂരിപക്ഷമായ 31 എന്ന മാന്ത്രിക സംഖ്യയിലെത്താൻ കോൺഗ്രസിന് നാലും ബിജെപിക്ക് പത്തും അംഗങ്ങളുടെ പിന്തുണ വേണം. ഒരു സീറ്റിൽ വിജയിച്ച തൃണമൂൽ കോൺഗ്രസ് പിന്തുണ കോൺഗ്രസ്സിന് തന്നെയായിരിക്കും. ഒരു സ്വതന്ത്രനും ലോക് ജനശക്തി പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. നാഗാ പീപ്പിൾസ് ഫ്രണ്ടുമായോ, നാഷണൽ പീപ്പിൾസ് പാർട്ടിയുമായോ സഖ്യമുണ്ടാക്കിയാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് ഭരണത്തിലെത്താം. എന്നാൽ സുസ്ഥിരമായ ഭരണത്തിന് കൂടുതൽ പിന്തുണ നേടുകയെന്ന ശ്രമത്തിലാവും കോൺഗ്രസ്.

അതേസമയം ബിജെപിയുടെ സംസ്ഥാന ഭരണമെന്ന ലക്ഷ്യത്തിന് അവസാന നിമിഷത്തിൽ ചിറക് നഷ്ടപ്പെട്ടതായി കാണാം. ഒരു  ഘട്ടത്തിൽ 24 സീറ്റുകളിൽ വരെ മുന്നിൽ നിന്ന ബിജെപിയ്ക്ക് ഈ മുന്നേറ്റം തുടരാനായില്ല. 21 സീറ്റുകൾ ഏറെക്കുറം ഉറപ്പിച്ചു. എന്നാൽ ഇവർക്ക് ഭരണത്തിലെത്താൻ നേരിയ സാധ്യതകൾ മാത്രമേ ഇപ്പോഴുള്ളൂ. നാഗാ പീപ്പിൾസ് ഫ്രണ്ടും, നാഷണൽ പീപ്പിൾസ് പാർട്ടിയും പിന്തുണച്ചാലും രണ്ട് എംഎൽഎ മാരുടെ പിന്തുണ കൂടി ബിജെപി ക്ക് ആവശ്യമാണ്. ലോക് ജന ശക്തി പാർട്ടി അംഗവും സ്വതന്ത്രനായി വിജയിച്ച അംഗവും പിന്തുണച്ചാലേ ഈ സാഹചര്യം ഉണ്ടാകൂ. ബിജെപി യെ ശക്തമായി എതിർക്കുന്ന തൃണമൂൽ കോൺഗ്രസ് മണിപ്പൂരിൽ ബിജെപി യെ പിന്തുണയ്ക്കാനുള്ള നേരിയ സാധ്യത പോലും ഇല്ല. ഇങ്ങിനെ വന്നാലും 31 എന്ന കേവല ഭൂരിപക്ഷത്തിൽ മാത്രമേ ബിജെപിക്ക് എത്താനാകൂ. മറ്റ് രണ്ട് സീറ്റുകളിലെ ഫലം ഇനിയും പുറത്തുവന്നിട്ടില്ല.

നാഗാ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയുമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഇനി നിർണായക തീരുമാനങ്ങൾ എടുക്കാൻ പോവുന്നത്. ഒറ്റയ്ക്ക് ഒന്നര പതിറ്റാണ്ട് കാലം മുഖ്യമന്ത്രിയായി തുടർ ഭരണം കാഴ്ചവച്ച ഉക്രം ഇബോബി സിംഗിന് ഇനി ഇവരിൽ ആരെങ്കിലുമായി സഖ്യം ഉണ്ടാക്കിയേ മതിയാകൂ. കക്ഷികളെ വിലയ്ക്ക് എടുക്കുന്നതിൽ കോൺഗ്രസ്സോ ബിജെപി യോ വിജയിക്കുക എന്നതാവും ഇനി മണിപ്പൂർ രാഷ്ട്രീയം ഉറ്റുനോക്കുന്ന കാര്യം.

മുഖ്യമന്ത്രി ഒഖ്രാം ഇബോബി സിംഗിന്റെ തുടർ ഭരണമെന്ന കണക്കുകൂട്ടലിൽ തന്നെയായിരുന്നു. എത്ര വലിയ ഭരണ വിരുദ്ധ വികാരം ഉണ്ടായാലും തന്റെ പാർട്ടി മണിപ്പൂരിൽ 40-42 സീറ്റുകളിൽ വിജയിച്ച മുൻകാല ചരിത്രത്തിനപ്പുറം മറ്റൊന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. ഇതാണ് ഇപ്പോൾ, ബിജെപി യുടെ കൃത്യമായ രാഷ്ട്രീയ തന്ത്രത്തിൽ തകർന്നത്.

അതായത് സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപി പ്രയോഗിച്ച നയപരമായ നീക്കങ്ങളെല്ലാം ഫലവത്തായി എന്ന് തന്നെ പറയണം. പൂജ്യത്തിൽ നിന്ന് തുടങ്ങി 60 സീറ്റുകളുള്ള സംസ്ഥാനത്ത് 21 സീറ്റുകളിലേക്ക് ഉയരാൻ ബിജെപി ക്ക് സാധിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ ഇക്കാലയളവിന് ഇടയിൽ കോൺഗ്രസ് ശക്തമായ ഭരണവിരുദ്ധ വികാരം അനുഭവിക്കുന്നതും ഇപ്പോഴാണ്.

മണിപ്പൂർ രാഷ്ട്രീയത്തിലേക്ക് ആദ്യമായി കടന്നുവന്ന ഇറോം ശർമ്മിളയുടെ പതനമാണ് ഏറെ ചർച്ച ചെയ്യുന്ന മറ്റൊരു കാര്യം. വെറും 90 വോട്ടുകൾ മാത്രമാണ് മുഖ്യമന്ത്രി ഒഖ്രാം ഇബോബി സിംഗിനെതിരെ മത്സരിച്ച ഇവർക്ക് നേടാനായത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഇതോടെ അപ്രസക്തമായ ഇറോം രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു.

2014 ൽ ആസാമിൽ വിജയം നേടിയ ബിജെപി, വടക്ക് കിഴക്കൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൃത്യമായ കണക്കുകൂട്ടലുകളുമായാണ് കടന്നുവരുന്നത്.  മണിപ്പൂരിൽ ബിജെപി അധികാരം പിടിച്ചാൽ അത് ഉക്രം ഇബോബി സിംഗിന്റെ നേതൃത്വത്തെ കരിനിഴലിൽ പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ