അഹമ്മദാബാദ്: രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം. തുടർച്ചയായ ആറാം വട്ടവും ബിജെപി തന്നെ ഗുജറാത്തിൽ അധികാരത്തിലെത്തി. കോൺഗ്രസ് മുൻപത്തേക്കാൾ നില മെച്ചപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ പക്ഷെ ഭരണം പിടിക്കാൻ രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിച്ച പ്രചാരണത്തിന് സാധിച്ചില്ല.

ആദ്യം പിന്നിലായിരുന്ന ബിജെപി, തിരികെ കയറി ഇപ്പോൾ കേവല ഭൂരിപക്ഷത്തിലേക്ക് അടുത്തു. 103 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്. 73 സീറ്റിൽ കോൺഗ്രസുണ്ട്. 2 സീറ്റ് സ്വതന്ത്രർക്കാണ്. ഇവരിലൊരാൾ ജിഗ്നേഷ് മേവാനിയാണ്.

Assembly elections results 2017 LIVE Updates: Counting of votes begins in Gujarat, Himachal Pradesh; BJP takes early lead

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം 101 സീറ്റിലാണ് ഇപ്പോൾ ബിജെപി മുന്നേറുന്നത്. 74 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും ഒരു എൻസിപി സ്ഥാനാർത്ഥിയും ലീഡ് ചെയ്യുന്നുണ്ട്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് സ്ഥാനാർത്ഥികളും മുന്നിലുണ്ട്.

രാജ്കോട്ട് വെസ്റ്റിൽ ബിജെപി സ്ഥാനാർത്ഥിയായ വിജയ് രൂപാനി നേരിയ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വളരെ പിന്നിലായത് ബിജെപിയ്ക്ക് തിരിച്ചടിയായി. അതേസമയം കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അൽപേഷ് താക്കൂറും മുന്നിലാണ്.

സംസ്ഥാനത്തെ 37 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടപടികൾ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. 182 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിച്ച ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരികെയെത്താനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വോട്ടാക്കി മാറ്റാൻ പ്രചാരണത്തിന് സാധിച്ചില്ല. എന്നാൽ എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലമായി ഫലം വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവിട്ടത്.

ഗുജറാത്തിൽ 49 ശതമാനം വോട്ടാണ് ബിജെപി നേടിയത്. കോൺഗ്രസിന് 41.7 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 115 സീറ്റിലാണ് ബിജെപി വിജയിച്ചത്. ബിജെപി ക്ക് എതിരായ വിവിധ സമുദായങ്ങളുടെ അമർഷം 22 വർഷത്തെ അധികാരത്തിന് അവസാനമാകുമോയെന്നാണ് ഉറ്റുനോക്കിയത്. എന്നാൽ ജനവിധി മറിച്ചായിരുന്നു. എങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റ സ്ഥാനാർത്ഥിയെ പോലും ജയിപ്പിക്കാനാവാതെ പതറിയ കോൺഗ്രസിന് ജീവൻ തിരിച്ചുനൽകുന്നതായി ഈ തിരഞ്ഞെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ