നാല് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാല് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജമ്മു കാശ്മീരിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനിയും നീളും.
Read More: മോദി പാക്കിസ്ഥാന് മുന്നിൽ കീഴടങ്ങി: ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ഒമർ അബ്‌ദുള്ള
ഏപ്രില്‍ 11 നാണ് ആന്ധ്രാപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് ആന്ധ്രയിലെ വോട്ടെടുപ്പ്. നിലവില്‍ തെലുങ്ക് ദേശം പാര്‍ട്ടിയാണ് ആന്ധ്രയിലെ ഭരണകക്ഷി. 2014 ല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ടിഡിപി ആന്ധ്രാപ്രദേശില്‍ ഭരണത്തിലെത്തിയത്. എന്നാല്‍, പിന്നീട് ടിഡിപി, എന്‍ഡിഎ സഖ്യം വിട്ടു.
ഒഡീഷയില്‍ ഏപ്രില്‍ 11, 18, 23, 29 തീയതികളില്‍ നാല് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ബിജെഡിയാണ് ഒഡീഷയില്‍ ഭരണകക്ഷി. നവീന്‍ പട്‌നായിക്കാണ് മുഖ്യമന്ത്രി. ആകെയുള്ള 147 അസംബ്ലി സീറ്റുകളിലേക്കും 21 ലോക്‌സഭാ സീറ്റുകളിലേക്കുമാണ് ഒഡീഷയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ 11 ന് ഒറ്റഘട്ടമായാണ് സിക്കിമില്‍ തിരഞ്ഞെടുപ്പ് നടക്കുക. സിക്കിം ഡെമോക്രാറ്റിക് ഫ്രന്റാണ് ഭരണകക്ഷി. പവന്‍ ചാംലിങാണ് മുഖ്യമന്ത്രി.
അരുണാചല്‍ പ്രദേശില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 11 ന് തിരഞ്ഞെടുപ്പ് നടക്കും. 2014 ല്‍ കോണ്‍ഗ്രസാണ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതെങ്കിലും എംഎല്‍എമാര്‍ കൂടുമാറ്റം നടത്തിയതോടെ ബിജെപി അധികാരത്തിലെത്തുകയായിരുന്നു. പേമാ ഖണ്ഡുവാണ് മുഖ്യമന്ത്രി.
17-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതലാണ്. ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം മേയ് 23 ന്. കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 23 ന് തിരഞ്ഞെടുപ്പ് നടക്കും.