ഇംഫാല്‍/ന്യൂഡല്‍ഹി: ഒരു പ്രത്യയശാസ്ത്രവും ഭാഷയും മറ്റുള്ളവയേക്കാള്‍ ശ്രേഷ്ഠമാണെന്നതാണ് ഇന്ത്യയെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാടെന്നു രാഹുല്‍ ഗാന്ധി എംപി. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ഹപ്ത കാങ്ജെയ്ബുങ്ങില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ ഭാഷയും സംസ്കാരവും തങ്ങളെത്തന്നെ വീക്ഷിക്കുന്ന രീതിയും ഉണ്ടായിരിക്കാന്‍ അവകാശമുണ്ടെന്നതാണ് ഒരു കാഴ്ചപ്പാട്. അതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. ബിജെപിയുടേത് മറ്റൊരു കാഴ്ചപ്പാടാണ്. അവിടെ ഒരു പ്രത്യയശാസ്ത്രവും ഭാഷയും ആശയവും മറ്റുള്ളവയേക്കാള്‍ ശ്രേഷ്ഠമാണ്. മണിപ്പൂരില്‍ ബിജെപി വരുന്നത് ഈ ശ്രേഷ്ഠതയുടെ ചിന്തയോടെയാണ്,” അദ്ദേഹം പറഞ്ഞു.
എണ്ണപ്പനത്തോട്ടങ്ങള്‍ സൃഷ്ടിച്ച് മണിപ്പൂരിന്റെ ഭാവി നശിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നു രാഹുല്‍ ആരോപിച്ചു. ”ആരെയാണ് അവര്‍ സഹായിക്കുന്നത്? മണിപ്പൂരിലെ ആളുകളെയോ പതഞ്ജലി പോലുള്ള കമ്പനികളെയും രാജ്യത്തെ രണ്ട് മൂന്ന് വന്‍കിട ബിസിനസുകളെയുമോ?” പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഗാന്ധി രാഹുല്‍ ചോദിച്ചു.
”നോട്ടുനിരോധനം, ജിഎസ്ടി, കാര്‍ഷിക നിയമങ്ങള്‍ എന്നിവയും ഇതേ ബിസിനസിനെ സഹായിച്ചു. ബാബ രാംദേവിനെ സഹായിക്കാന്‍ നമുക്ക് താല്‍പ്പര്യമില്ല, മണിപ്പൂരിന്റെ ഭാവി സംരക്ഷിക്കാന്‍ നാം ആഗ്രഹിക്കുന്നു… നെല്‍കൃഷിക്കാരെ ശാക്തീകരിക്കുകയും എംഎസ്പി ഉറപ്പുനല്‍കുകയും വേണം,”രാഹുല്‍ പറഞ്ഞു.
Also Read: രാജ്യത്ത് 16,051 കോവിഡ് രോഗികൾ കൂടി; 206 മരണം
അതിനിടെ, സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ”അത് ശരിയല്ലെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. വോട്ടെടുപ്പിന്റെ പേരില്‍ മാത്രമാണ് അദ്ദേഹം ഇതെല്ലാം പറയുന്നത്. നിരവധി സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മ ഉണ്ടാകുന്നത് എന്തുകൊണ്ട്? പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് മാത്രം സംസാരിക്കണം,” പ്രിയങ്കയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പ്രചാരണം നടത്തുന്ന പ്രിയങ്ക തുടര്‍ന്ന് ഹര്‍ദോയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും മണിപ്പൂരിലുമാണ് വോട്ടെടുപ്പ് പൂര്‍ത്തിയാകാനുള്ളത്. ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ മൂന്നു ഘട്ടം പൂര്‍ത്തിയായി. 23നാണു നാലാം ഘട്ട പോളിങ്. 27, മാര്‍ച്ച് മൂന്ന്, ഏഴ് തിയതികളിലായി മറ്റു ഘട്ടങ്ങള്‍ പൂര്‍ത്തിയാകും.
മണിപ്പൂരില്‍ 28, മാര്‍ച്ച് അഞ്ച് തിയതികളിലാണ് വോട്ടെടുപ്പ്. ഗോവയിലും ഉത്തരാഖണ്ഡിലും 14നും പഞ്ചാബില്‍ 20നും വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. മാര്‍ച്ച് 10നാണു വോട്ടെണ്ണല്‍.