അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പഞ്ചാബിലെത്തി. തൊഴിലില്ലായ്മ, നോട്ട് നിരോധനം, ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങൾ എന്നീ വിഷയങ്ങളിൽ രാഹുൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
ജലന്ധറിൽ നടന്ന “നവി സോച്ച്, നവ പഞ്ചാബ്” വെർച്വൽ റാലിയെ അഭിസംബോധന ചെയ്യവെ, പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിലും രാഹുൽ മറുപടി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പിൽ ആരാവണം പാർട്ടിയുടെ മുഖം എന്ന കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകരുമായി ആലോചിച്ച ശേഷം ഉടൻ തീരുമാനമെടുക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പാർട്ടി സ്ഥാനാർത്ഥികൾക്കൊപ്പം രാഹുൽ സുവർണക്ഷേത്രം സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും പിപിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.