ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ്് കമ്മിഷന്. പ്രചാരണവിലക്ക് സമയം രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാക്കി കുറച്ചു. നേരത്തെ രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെയായിരുന്നു വിലക്ക്.
പരിമിതമായ ആളുകളുള്ള പ്രചാരണ പദയാത്രകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ റോഡ് ഷോകള്‍ക്കും പദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
യുപിയിലെ ആദ്യഘട്ട വോട്ടെടുപ്പിനുശേഷം രാജവാഴ്ചക്കാര്‍ ഉറക്കമില്ലാത്തവരും സ്വപ്നം കാണാന്‍ കഴിയാത്തവരുമായി മാറിയെന്നു പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ മന്ത്രം ‘കുടുംബത്തിന്റെ ഭരണം, കുടുത്തിനാല്, കുടുംബത്തിനുവേണ്ടി എന്നതാണെന്നും സമാജ്വാദി പാര്‍ട്ടിയെ കടന്നാക്രമിച്ചുകൊണ്ട് മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: 22,842 കോടി, രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ കേസെടുത്ത് സിബിഐ
രാജ്യത്തെ ആദ്യ സിഡിഎസ് അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെ കോണ്‍ഗ്രസ് അധിക്ഷേപിച്ചതായി നേരത്തെ, ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നടന്ന റാലിയില്‍ മോദി ആരോപിച്ചിരുന്നു. ഈ ‘അപമാനത്തിന്’ ഉചിതമായ മറുപടി നല്കാന് അദ്ദേഹം ഉത്തരാഖണ്ഡിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് വാക്സിനുകളെക്കുറിച്ച് കോണ്‍ഗ്രസ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, സത്യപ്രതിജ്ഞയ്ക്കു ശേഷം, ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ആവിഷ്കരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് തുല്യ അവകാശങ്ങള്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ഇത് സാമൂഹിക ഐക്യം വര്‍ധിപ്പിക്കുകയും ലിംഗനീതി ഉയര്‍ത്തുകയും സ്ത്രീശാക്തീകരണം ശക്തിപ്പെടുത്തുകയും സംസ്ഥാനത്തിന്റെ അസാധാരണമായ സാംസ്കാരിക-ആത്മീയ സ്വത്വവും പരിസ്ഥിതിയും സംരക്ഷിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ ഗോവ സംസ്ഥാനങ്ങളില്‍ ഏഴു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ മാര്‍ച്ച് എട്ടിനാണു പൂര്‍ത്തിയാവുക. മാര്‍ച്ച് 10നാണു ഫലപ്രഖ്യാപനം.