ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ വൈകിട്ട് അഞ്ച് വരെ 57.45 ശതമാനം പോളിങ്. പിലിഭിത്ത് (54.83), ലഖിംപൂര്‍ ഖേരി (52.92) ഫത്തേപൂര്‍ (52.60) എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന ശരാശരി പോളിങ് രേഖപ്പെടുത്തിയത്. 46.29 ശതമാനം രേഖപ്പെടുത്തിയ ഹര്‍ദോയിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്.
ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ മുഖ്യവിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും പകരം തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. വര്‍ഷങ്ങളായി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍, അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഒമ്പത് ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നിവ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലായി 624 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെയാണ്.
ലഖിംപൂർ ഖേരി, റായ്ബറേലി, ലഖ്നൗ എന്നിവിടങ്ങളിലാണ് ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്നത്. നാല് കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ലഖിംപൂർ ഖേരി അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയും ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും. കോൺഗ്രസിന്റെ രണ്ട് സിറ്റിങ് എംഎൽഎമാരും കൂറുമാറി ബിജെപിയിൽ ചേർന്നതിനാൽ ജില്ലയിൽ കോൺഗ്രസിന് ഇത് അഭിമാന പോരാട്ടമാണ്.
ഉന്നാവോയിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ ബലാത്സംഗം ചെയ്തെന്ന് ആരോപിക്കുന്ന പെൺകുട്ടിയുടെ അമ്മ അൻപത്തി അഞ്ചുകാരിയായ ആശാ സിങ്ങാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സെൻഗാർ ഇപ്പോൾ ജയിലിലാണ്. ബിജെപിയുടെ സിറ്റിങ് എംഎൽഎയായ പങ്കജ് ഗുപ്തയ്ക്കും സമാജ്വാദി പാർട്ടിയുടെ അഭിനവ് കുമാറിനുമെതിരെയാണ് ആശാ സിങ് മത്സരിക്കുന്നത്.
Also Read: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഡിഎംകെ സഖ്യത്തിന് വൻ വിജയം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ