ഇന്ത്യൻ ഭരണത്തിന്റെ അച്ചുതണ്ടാണ് ഉത്തർപ്രദേശ്. അവിടുത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ്. ആ അച്ചുതണ്ട് ഇപ്പോൾ വീണ്ടും ബി ജെ പി സ്വന്തമാക്കി. തമ്മിൽ തല്ലിയും വഴി പിരിഞ്ഞും കൂറുമുന്നണികളുണ്ടാക്കിയും കളിച്ച സോഷ്യലിസ്റ്റുകളും കോൺഗ്രസും ബി എസ് പിയും തുടച്ചു നീക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ താപ്പാനകൾ നേരിട്ട് പ്രചരണം നയിച്ച ഉത്തർപ്രദേശിൽ നരേന്ദ്ര മോദിയാണ് വിജയക്കൊടി നാട്ടിയത്. ആകെയുള്ള 403 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഉത്തർപ്രദേശിൽ തേരോട്ടം നടത്തിയത്. ന്യൂനപക്ഷ രാഷ്ട്രിയത്തിന്റെ വക്താക്കളായ അഖിലേഷ് യാദവും കോൺഗ്രസും വലിയ തോൽവിയാണ് ഉത്തർപ്രദേശിൽ ഏറ്റുവാങ്ങിയത്.
Read More: Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം; ഗോവയും മണിപ്പൂരും നേടാൻ കോൺഗ്രസ്-ബിജെപി മത്സരം
ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന് എതിരാളികൾ ഭയന്നിരുന്നു. സമാജ്വാദി പാർട്ടിയിലെ പടലപിണക്കം കൂടിയായപ്പോൾ എതിരാളികൾ്ക്ക് വഴി എളുപ്പമാവുകയായിരുന്നു. പിന്നാക്ക രാഷ്ട്രീയത്തിന്റെ ഉസ്താദായിരുന്ന സോഷ്യലിസ്റ്റ് നേതാവ് മുലായം സിങിനെ മകൻ അഖിലേഷ് ഒതുക്കിയപ്പോൾ തന്നെ തന്ത്രങ്ങളുടെ പരാജയം ആരംഭിക്കുകയായിരുന്നു. തങ്ങളുടെ ഉൾബലം ഇടിയുന്നതും ബി ജെ പി ലോകസഭയിലെ തന്ത്രങ്ങളിലുടെ വീണ്ടും വിജയം ആവർത്തിക്കുമോ എന്ന സംശയവും ഉയർന്നു. ഇത് മുന്നില്‍ കണ്ടാണ് സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. മോദി തരംഗം യുപിയില്‍ വീശാന്‍ സാധ്യയുണ്ടെന്നു മനസ്സിലാക്കിയ അഖിലേഷ് യാദവ് ഏറെക്കാലമായി ശത്രുപാളയിത്തിലുള്ള കോണ്‍ഗ്രസിനെ കൂടെക്കൂട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്ര മോദിയുമായി അഖിലേഷും രാഹുലും നേർക്ക് നേർ ഏറ്റുമുട്ടി. എന്നാല്‍ മോദി തംരംഗത്തെ മറികടക്കാന്‍ എസ് പി -കോണ്‍ഗ്രസ് കൂട്ടുകെട്ടിന് ആയില്ലെന്നതിന്റെ തെളിവായി മാറി തെരഞ്ഞെടുപ്പു ഫലം.
നോട്ട് പിൻവലിക്കലും, സാമ്പത്തിക പരിഷ്കരണങ്ങളും നടത്തിയ നരേന്ദ്ര മോദിക്ക് ജനങ്ങൾ നൽകിയ അംഗീകരമാണ് തിരഞ്ഞെടുപ്പ് ഫലം എന്നാണ് ബിജെപി ക്യാമ്പിന്റെ അവകാശവാദം. ആ വാദത്തെ ഒരു പരിധിവരെ അംഗീകരിക്കാമെങ്കിലും ഉത്തർപ്രദേശിലെ ജാതിസമവാക്യങ്ങളെ കയ്യിലെടുത്ത ബിജെപി തന്ത്രം ചരിത്ര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.തെരഞ്ഞെടുപ്പ് റാലികളിൽ ആദ്യം തന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി പിന്നീട് വിഭാഗീയതയുടെ കാർഡ് ഇറക്കി. ‘ഒരു ഗ്രാമത്തിൽ ഖബറിസ്ഥാൻ ഉണ്ടെങ്കിൽ അവിടെ ശ്മശാനവും വേണം. റംസാൻ കാലത്ത് വൈദ്യുതി ഉണ്ടെങ്കിൽ, ദീപാവലി സമയത്തും വൈദ്യുതി വേണം. ഹോളിയുടെ കാലത്ത് വൈദ്യുതി ഉണ്ടെങ്കിൽ ഈദിനും വൈദ്യുതി വേണം” എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നുവെങ്കിലും ഇത്തരം വിഷയങ്ങളിലൂന്നി ബി ജെ പിയുടെ പ്രചാരണം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു.മുസഫർപൂർ കലാപത്തെ ഉയർത്തി 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ അമിത് ഷായും, മോദിയും നടത്തിയ പ്രചരണതന്ത്രം തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും പയറ്റിയത് ബിജെപിക്ക് തുണയായി.
Read More: ഭരണവിരുദ്ധവികാരം അലയടിച്ചു; ഉത്തരാഖണ്ഡില്‍ ‘കുങ്കുമ ഹോളി’
ഭൂരിപക്ഷ സമുദായത്തിന്റെ എല്ലാ പിന്തുണയും നേടിയ ബിജെപി ഹിന്ദി ഹൃദയഭൂമിയിലൂടെ തേരോട്ടം നടത്തി. ഒരു മുസ്ലീമിനെപ്പോലും സ്ഥാനാർഥിയാക്കാതെ ആർഎസ്എസിന്റെ പൂർണ്ണ പിന്തുണയും ബിജെപി നേടി. തെരഞ്ഞെടുപ്പ് വേദികളിൽ മിന്നൽ ആക്രമണത്തെ പ്രകീർത്തിച്ചും പാക്കിസ്ഥാനെ ചീത്തവിളിച്ചും മോദിയും അമിത് ഷായും ജനവികാരം ബിജെപിക്ക് അനുകൂലമാക്കി.
ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിൽ ബിജെപി വിജയിച്ചപ്പോൾ , മുസ്ലീം ,ദളിത് വോട്ടുകൾ സമാജ്വാദി പാർട്ടിയിലേക്കും, ബിഎസ്പിയിലേക്കും വേർതിരിച്ച് പോയത് ഇരു പാർട്ടികൾക്കും തിരിച്ചടിയായി. യാദവ സമുദായത്തെ അകറ്റി നിർത്തി ഓബിസിക്കാരെ സ്ഥാനാർഥികളാക്കിയ ബിജെപി തന്ത്രവും വിജയം കണ്ടു. യാദവർക്ക് പുറത്തുളള പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾതങ്ങൾക്കനുകൂലമാക്കാൻ ഏറെക്കാലത്തിന് ശേഷം ബി ജെ പിക്ക് സാധിച്ചു. കല്യാൺസിങിനു ശേഷം പിന്നാക്ക വിഭാഗത്തിൽ നിന്നും സംസ്ഥാനപ്രസിഡന്റായി വന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യയുടെ സാന്നിദ്ധ്യം ഇതിന് സഹായകമായി.
Read More: പഞ്ചാബിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവ്; അമരീന്ദർ സിങ് മുഖ്യമന്ത്രിയാകും
കഴിഞ്ഞ ഭരണകാലത്ത് സംഭവിച്ച പിഴവുകൾ എസ്പി കോൺഗ്രസ് സംഖ്യത്തിന് തിരിച്ചടിയുടെ ആക്കം കൂട്ടി.ഇതിനെല്ലാം പുറമെ അച്ഛനും മകനും തമ്മിലുള്ള തമ്മിൽ തല്ല് സമാജ്വാദി പാർട്ടിയുടെ തോൽവിക്ക് ആക്കം കൂട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് നടന്ന പാർട്ടിയിലെ തെരുവ് യുദ്ധം ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കി. രാഹുൽ ഗാന്ധിയുമൊത്ത് റോഡ് ഷോ സംഘടിപ്പിച്ച അഖിലേഷിനെ കാണാൻ വലിയ ജനക്കൂട്ടം എത്തിയെങ്കിലും അതൊന്നും വോട്ടായി മാറിയില്ല. കറുത്ത കുതിരയാകുമെന്ന് പ്രതീക്ഷിച്ച മായവതിയുടെ ബിഎസ്പിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നൽകിയത്. പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെട്ട പരാജയമാണ് ബിഎസ്പിയുടേത്.