ലക്‌‌നൗ: ഉത്തർപ്രദേശ് പിടിച്ച് രാജ്യം ഉറപ്പിച്ച് മുന്നോട്ട് പോകാൻ ഒരുങ്ങുന്ന ബിജെപി അടിത്തറയിടുമ്പോൾ ഇവിടെ ഭരണനേതൃത്വം ആർക്കായിരിക്കും. നരേന്ദ്രമോദിയും അമിതഷായും നേരിട്ട് ക്യാംപെയിൻ നടത്തിയ യുപിയിൽ സംസ്ഥാന നേതാക്കളെയൊന്നും മുൻനിരയിൽ കണ്ടില്ല. ഇവർക്കു പിന്നിലായിരുന്നു സംസ്ഥാന നേതൃത്വം.

പ്രചാരണത്തിന് നേതൃനിരയിൽ കണ്ടില്ലെങ്കിലും താഴെത്തട്ടിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ പ്രസാദ് മൗര്യയ്ക്കായിരിക്കും സംസ്ഥാന മുഖ്യമന്ത്രി പദമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നുളള ആദ്യ സൂചനകൾ. ഇത് സംബന്ധിച്ച് ദേശീയ പ്രസിഡന്റ് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മനസ്സു തുറന്നിട്ടില്ല. എങ്കിലും സാധ്യതകൾ കൂടുതലും കേശവ പ്രസാദിന് തന്നെയാണ്. കേശവ പ്രസാദിന് അനുകൂല ഘടകങ്ങളായി കരുതുന്ന പ്രധാന കാരണങ്ങൾ അദ്ദേഹം യാദവ വിഭാഗത്തിന് പുറത്തുളള പിന്നാക്ക വിഭാഗത്തിൽ നിന്നുളളതാണെന്നതാണ്. ആർഎസ്എസിലൂടെ കടന്നുവന്ന അദ്ദേഹം വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവർത്തകനായിരുന്നു.

സംഘപരിവാർ നയിച്ച രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ബിജെപിയുടെ പിന്നാക്ക വിഭാഗ സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം 2002 മുതൽ​ 12 വരെ തുടർച്ചയായി മൂന്നുതവണ സിരാത് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി. 2014 ഫുൽപൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. 52ശതമാനത്തിലധികം വോട്ടും അഞ്ച് ലക്ഷത്തിന്റെ ഭൂരിപക്ഷവുമായാണ് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യാദവ് വിഭാഗത്തിനേക്കാൾ ബിജെപിക്ക് സ്വാധീനം ചെലുത്തേണ്ടത് മറ്റ് പിന്നാക്ക വിഭാഗങ്ങളിലാണ് അവരെ നോട്ടമിട്ടാണ് ബിജെപി കഴിഞ്ഞ കുറച്ചു കാലമായി യുപിയിൽ പ്രവർത്തിക്കുന്നതും. ഇതുവരെ അതിൽ നേട്ടമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കല്യാൺ സിങ് ബിജെപിയിൽ ഒന്നുമല്ലാതായതോടെ ബിജെപിക്ക് ഈ മേഖലയിൽ നഷ്ടപ്പെട്ട വേരുകളാണ് കേശവ പ്രസാദിനെ മുൻ നിർത്തി പിടിക്കാൻ അവർ ആലോചിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിൻപറ്റുന്ന കേശവ പ്രസാദ് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനത്തെ ഭരണം ഉറപ്പിച്ച് ഏൽപ്പിക്കാവുന്ന നേതാവായാണ് ആർഎസ്എസ് നേതൃത്വവും വിലയിരുത്തുന്നത്.

മറ്റൊന്ന് നാൽപ്പത്തിയേഴ് വയസ്സ് എന്ന പ്രായവും. അഖിലേഷ് യാദവിനെ പോലെ യുവത്വം വച്ച് കടന്നുവന്ന സമാജ് വാദി പാർട്ടിയ്ക്കും കോൺഗ്രസിനും ഒപ്പം നിൽക്കുന്ന യുവാക്കളെ ആകർഷിക്കാൻ ബിജെപി തേടുന്ന സാധ്യത മുന്നോട്ട് കൊണ്ടുപോകാൻ കേശവ പ്രസാദ് വഴി സാധ്യമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ