ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ അഞ്ച്സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ബിജെപി. ഉത്തർപ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അവർ അധികാരത്തിലെത്തി. അതേസമയം ആദ്യമായി മത്സരിച്ച മണിപ്പൂരിലും 21 സീറ്റുകൾ നേടാൻ ബിജെപി ക്ക് സാധിച്ചു. പഞ്ചാബിൽ അധികാരത്തിലേക്ക് ശക്തമായി തിരികെ വന്ന കോൺഗ്രസ് ഗോവയിലും അധികാരം നേടാനുള്ള സാധ്യതയുണ്ട്. മണിപ്പൂരിൽ ഭരണം നിലനിർത്താൻ കോൺഗ്രസിന് ഇനിയും പരിശ്രമിക്കണം.

സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിന്റെ ശക്തി പ്രതീക്ഷിക്കപ്പെട്ട ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തത് ബിജെപിയാണ്. 403 സീറ്റുകളുള്ള നിിയമസഭയിൽ 325 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ഇവിടെ സമാജ്‌വാദി പാർട്ടിക്ക് 47 ഉം കോൺഗ്രസിന് 7 ഉം സീറ്റുകളിലാണ് വിജയിക്കാനായത്. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിക്ക് വെറും 19 സീറ്റുകളാണ് നേടാനായത്. ഉത്തർപ്രദേശിലെ എല്ലാ പ്രദേശത്തും ബിജെപി തരംഗം അലയടിച്ചതാണ് കാണാനായത്.

uttar pradesh, bjp

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ തോൽവിയാണ് കോൺഗ്രസ്സിന് കനത്ത തിരിച്ചടിയായത്. കോൺഗ്രസ്സിൽ കൂറുമാറി ബിജെപി പക്ഷത്തേക്ക് വന്ന എല്ലാവർക്കും കൂട്ടത്തോടെ സീറ്റ് നൽകിയ ബിജെപി 71 ൽ 57 സീറ്റും വിജയിച്ചാണ് അധികാരത്തിൽ തിരികെയെത്തിയത്. അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്സിന് 11 സീറ്റുകളിലാണ് വിജയം നേടാനായത്. സാമൂഹികവും സാംസ്കാരികവുമായ ഭിന്നതകൾ നിലനിൽക്കുന്ന കുമയൂൺ, ഗർവാൾ പ്രദേശങ്ങളെ ഒരേപോലെ തൃപ്തിപ്പെടുത്താനായതും, സൈനികരും വിമുക്തഭടന്മാരും അടങ്ങുന്ന സമൂഹത്തെ വൺ റാങ്ക് വൺ പെൻഷനിലൂടെ ഒപ്പം നിർത്താനായതും ഇവിടെ ബിജെപിക്ക് ഗുണകരമായി.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശക്തമായി പരിശ്രമിക്കുന്ന ബിജെപിക്ക് മണിപ്പൂരിലും ലഭിച്ചത് മികച്ച പിന്തുണയാണ്. ആദ്യമായി സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിച്ച ബിജെപി, കോൺഗ്രസ്സിന്റെ കോട്ടകൾ തകർത്ത് 21 സീറ്റുകൾ നേടി. ഇവിടെ ആകെയുള്ള 60 സീറ്റുകളിൽ 26 എണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്. നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവരുടെ നാല് വീതം സീറ്റുകളുടെ പിന്തുണ നേടി, അധികാരത്തിൽ എത്താനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോൾ. ഇവിടെ മുഖ്യമന്ത്രി ഉക്രം ഇബോബി സിംഗിനെതിരെ മത്സരിച്ച ഇറോം ശർമ്മിള 90 വോട്ടുകൾ മാത്രമാണ് നേടിയത്.

punjab, amarinder singh

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സായുധസേനയ്ക്കുള്ള പ്രത്യേക അധികാരത്തിനെതിരെ നീണ്ട പതിനാറ് വർഷക്കാലം നിരാഹാര സമരം അനുഷ്ഠിച്ചാണ് ഇറോം ശർമ്മിള ശ്രദ്ധ നേടിയത്. സമരം ഫലം കാണാത്ത സാഹചര്യത്തിലാണ് ഇത് അവസാനിപ്പിച്ച് മണിപ്പൂർ രാഷ്ട്രീയത്തിലിറങ്ങാൻ അവർ തീരുമാനിച്ചത്. എന്നാൽ രാഷ്ട്രീയത്തിൽ പിന്തുണ നേടാനാകാത്ത സാഹചര്യത്തിൽ ഇനി മത്സരിക്കില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പത്ത് വർഷമായി ശിരോമണി അകാലിദളിന്റെ നേതൃത്വത്തിൽ ബിജെപി രണ്ടാമത്തെ മുഖ്യകക്ഷിയായി ഭരിക്കുന്ന പഞ്ചാബിൽ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തി. ഇവിടെ 117 സീറ്റുകളിൽ 76 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. ആംആദ്മി പാർട്ടി പ്രതീക്ഷിച്ച നേട്ടം സംസ്ഥാനത്ത് ഉണ്ടാക്കാതിരുന്നത് കോൺഗ്രസിന്റെ വിജയം മികച്ചതാക്കി. ആംആദ്മി ഇവിടെ 20 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായി. ഭരണം നഷ്ടപ്പെട്ട ശിരോമണി അകാലിദൾ ഇവിടെ 15 സീറ്റുമായി മൂന്നാം സ്ഥാനത്തും ബിജെപി മൂന്ന് സീറ്റുമായി നാലാം സ്ഥാനത്തുമാണ്. സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് ഭരണ കക്ഷിയായിരുന്ന ബിജെപിക്കും ശിരോമണി അകാലിദളിനും ഉണ്ടായത്.

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ തിളക്കമാർന്ന വിജയം നേടിയ ബിജെപി ക്ക് ഗോവയിൽ ഇത് ആവർത്തിക്കാനായില്ല. ഇവിടെ ബിജെപി ക്ക് അധികാരം നഷ്ടമായതിന് പുറമേ, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ 7000 വോട്ടിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി. 13 മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയിക്കാനായത്. 17 ഇടത്ത് വിജയിച്ച കോൺഗ്രസ് വലിയ ഒറ്റകക്ഷിയായി. 40 സീറ്റുകളുള്ള നിയമസഭയിൽ അധികാരത്തിലെത്താൻ, നാല് എംഎൽഎ മാർ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരുടെ നിലപാട് നിർണ്ണായകമാണ്.

അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടർമാരെ നന്ദി അറിയിച്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ സർക്കാരുണ്ടാക്കും എന്ന് പ്രഖ്യാപിച്ചു. വോട്ടർമാരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ 125 കോടി ജനങ്ങളുടെയും പിന്തുണ നേടാനാണ് പരിശ്രമിക്കുന്നതെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മുതൽ താഴേക്ക് സാധാരണ പ്രവർത്തകർ എല്ലാവരെയും അദ്ദേഹം അനുമോദിച്ചു. സാധാരണക്കാരുടെ പിന്തുണ നേടിയതും യുവാക്കളുടെ സ്വീകാര്യത ലഭിച്ചതുമാണ് തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം ട്വിറ്ററിൽ തുടർച്ചയായി ഇട്ട പോസ്റ്റുകളിൽ വ്യക്തമാക്കി.

ജനവിധി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. അതേസമയം കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സമാജ്‌വാദി പാർട്ടി തലവനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. അതേസമയം, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗാസിയാബാദിലും മുസാഫർ നഗറിലും അടക്കം ബിജെപിയുടെ നേട്ടം വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി കാണിച്ചാണെന്ന ആരോപണവുമായി ബിഎസ്‌പി നേതാവ് മായാവതി മുന്നോട്ടുവന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് അഖിലേഷ് യാദവും പിന്നീട് ആവശ്യപ്പെട്ടു.

പഞ്ചാബിൽ ബിജെപി യിൽ നിന്നും പിരിഞ്ഞ് കോൺഗ്രസിന്റെ ഭാഗമായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ധു അമൃത്സർ ഈസ്റ്റിൽ നിന്നും വിജയിച്ചു. സംസ്ഥാനത്ത് പാർട്ടി നേടിയ വിജയം കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഗോവയിൽ, കോൺഗ്രസ് പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്ന്  പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ലൂസിഞ്ഞോ ഫലേറോ വ്യക്തമാക്കി. ഇദ്ദേഹവും ദിഗംബർ കാമത്തും പ്രതാപ് സിംഗ് റാണെയും ഗോവയിലെ കോൺഗ്രസ്സിന്റെ മുൻ മുഖ്യമന്ത്രിമാരാണ്. മൂവരും ഈ തിരഞ്ഞെടുപ്പിൽ എംഎൽഎ മാരായി വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരാകണം മുഖ്യമന്ത്രിയെന്നതും സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ്സിനകത്ത് തർക്ക വിഷയമായേക്കും.

ഗോവയിലും പഞ്ചാബിലും വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമായേക്കുമെന്ന് പ്രതീക്ഷിച്ച ആംആ്ദമി പാർട്ടിയുടെ സാന്നിദ്ധ്യം വലിയ ഓളങ്ങൾ സൃഷ്ടിച്ചില്ല. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 33 നിയമസഭ മണ്ഡലങ്ങളിൽ നേടിയ ആധിപത്യം ഇക്കുറി നിലനിർത്താനാകാതിരുന്നത് ആംആ്ദമി പാർട്ടിയ്ക്ക് ക്ഷീണമായി. 20 സീറ്റുകളിൽ വിജയിച്ച ഇവർ പക്ഷെ മുഖ്യ പ്രതിപക്ഷമായി നിയമസഭയിൽ ഉണ്ടാകും.

കോൺഗ്രസിന് പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മുഖ്യമന്ത്രിമാരെ നാളെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ഈ രണ്ട് സംസ്ഥാനങ്ങളിലും മണിപ്പൂരിലും നേടാനായ വലിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെ തെളിവായാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. നോട്ടുനിരോധനം അടക്കമുള്ള വിഷയങ്ങൾ ജനങ്ങൾ സ്വീകരിച്ചതിന്റെ അടയാളമായി ഈ വിജയം ഇതോടെ മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ