ന്യൂഡൽഹി: യുപിയിലും ഉത്തരാഖണ്ഡിലും ഭരണം നേടിയെടുത്ത ബിജെപി മണിപ്പൂരിലും ഗോവയിലും ഭരണം പിടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ്. പാർട്ടി നേതാക്കളുടെ തിരക്കിട്ട ചർച്ചകളാണ് രണ്ടിടങ്ങളിലും നടക്കുന്നത്. ഗോവയിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ നേടിയെടുത്ത് സർക്കാരുണ്ടാക്കാനുളള നീക്കത്തിലാണ് ബിജെപി. മണിപ്പൂരിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി സഖ്യകക്ഷികളുടെ പിന്തുണ നേടിയെടുക്കാനുളള ശ്രമത്തിലാണ്.

ഗോവയിൽ ഭരണകക്ഷിയായ ബിജെപി കനത്ത തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറിനു പുറമേ മൽസരിച്ച എട്ടു ബിജെപി മന്ത്രിമാരിൽ ആറും പേരും പരാജയം ഏറ്റുവാങ്ങി. മാദ്രേം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ദയാനന്ദ് സോപ്തെയോടു 7,000 വോട്ടുകൾക്കാണു പർസേക്കർ പരാജയപ്പെട്ടത്. കഴിഞ്ഞവർഷം രൂപീകരിച്ച ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി) യുടെ സ്ഥാനാർഥികളാണു ബിജെപിയുടെ മുതിർന്ന രണ്ടു മന്ത്രിമാരായ ദയാനന്ദ് മന്ത്രേകറിനെയും ദിലീപ് പരുലേക്കറിനെയും പരാജയപ്പെടുത്തിയത്. അതേസമയം, കോൺഗ്രസിന്റെ നാലു മുൻ മുഖ്യമന്ത്രിമാരും വിജയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റുകളിൽ വിജയിച്ച് കേവലഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഇത്തവണ 13 സീറ്റുകളിൽ മാത്രമായി ബിജെപി ഒതുങ്ങി. കോൺഗ്രസ് 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 40 അംഗ നിയമസഭയിൽ ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ല. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. പ്രാദേശിക പാർട്ടികളും സ്വതന്ത്രൻമാരുമായിരിക്കും ഗോവ ആരു ഭരിക്കുമെന്നു നിർണയിക്കുക. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും (എംജിപി), ഗോവ ഫോർവേഡ് പാർട്ടിയും മൂന്നു സീറ്റുകൾ വീതം നേടിയിട്ടുണ്ട്. സ്വതന്ത്രൻമാർക്കും മൂന്നു സീറ്റുണ്ട്. എൻസിപിക്ക് ഒരു സീറ്റും. ചെറുപാർട്ടികളുടെയും സ്വതന്ത്രൻമാരുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. ബിജെപിയും സർവ തന്ത്രങ്ങളുമായി രംഗത്തുണ്ട്.

ഗോവയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്ഥലത്തുണ്ട്. സംസ്ഥാന നേതാക്കളുമായി അദ്ദഹം ചർച്ചകൾ നടത്തി. അതേസമയം, ബിജെപിയെ ഭരണത്തിൽനിന്ന് അകറ്റിനിർത്താൻ എല്ലാ ബിജെപിയിതര പാർട്ടികളുമായും സഹകരിക്കാൻ തയാറാണെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള ലോക്സഭാംഗം കെ.സി. വേണുഗോപാലിനെയാണ് ഗോവയിലെ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്.

മണിപ്പൂരിൽ ബിജെപിക്ക് ആശ്വാസകരമായ വിജയാണ് ഇത്തവണ ലഭിച്ചത്. ആദ്യമായി ബിജെപി ഇവിടെ അക്കൗണ്ട് തുറന്നു. 21 സീറ്റ് നേടിയ ബിജെപി സഖ്യകക്ഷികളുടെ പിന്തുണ നേടി സർക്കാർ രൂപീകരിക്കാനുളള ശ്രമത്തിലാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്കു നാലു സീറ്റുണ്ട്. നാലു സീറ്റുളള നാഗാ പീപ്പിൾസ് ഫ്രണ്ടും ബിജെപിയെ പിന്തുണച്ചേക്കും. ഒരു സീറ്റ് നേടിയ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി നേരത്ത ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ മണിപ്പൂരിൽ ബിജെപിക്കും ഭരണം നേടാം. കോൺഗ്രസും മൂന്നാംവട്ടവും മണിപ്പൂരിൽ സർക്കാരുണ്ടാക്കാനുളള നീക്കം തുടങ്ങിയിട്ടുണ്ട്. 60 അംഗ സഭയിൽ 28 സീറ്റു നേടിയ കോൺഗ്രസ് സ്വതന്ത്രരുടെയും മറ്റു പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുളള നീക്കത്തിലാണ്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ