ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍പ്പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ ജനവിധി തേടും. നിയമസഭയിലേക്കുള്ള അഖിലേഷിന്റെ ആദ്യ മത്സരമാണിത്.
അതിനിടെ തിരഞ്ഞെടുപ്പ് റാലികൾക്കുള്ല നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ജനുവരി 31 വരെ നീട്ടി. അതിവേഗം പടരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്ത്, കമ്മീഷൻ റോഡ്‌ഷോകൾക്കും റാലികൾക്കും ജനുവരി 15 വരെ സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചിരുന്നു. അത് പിന്നീട് ജനുവരി 22 വരെ നീട്ടി. ഈ നിരോധനമാണ് ഇപ്പോൾ 31 വരെ ദീർഘിപ്പിച്ചത്.
നിരോധനം നിലവിൽ വന്നതോടെ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വെർച്വൽ, ഡിജിറ്റൽ പ്രചാരണം നടത്താൻ രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് കമ്മിഷന്റെ നീക്കം. ഒമ്പത് ജില്ലകളിലെ 55 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ടതിരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള വിജ്ഞാപനവും കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഷാംലി, മീററ്റ്, കൈരാന എന്നിവിടങ്ങളില്‍ വീടുവീടാന്തരം കയറി പ്രചാരണം നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം ശക്തമാക്കാന്‍ ബിജെപി പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിക്കും.
ഗോവയില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ പാര്‍ട്ടിവിട്ടു. ബിജെപിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കുമെന്നും അറുപത്തിയഞ്ചുകാരനായ നേതാവ് പിടിഐയോട് പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രിക കമ്മിറ്റിയുടെ തലവനായ പര്‍സേക്കര്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗം കൂടിയാണ്.
Also Read: മുംബൈയിൽ 20 നില ഫ്ലാറ്റിൽ വൻ തീപിടിത്തം; ആറ് മരണം