ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂര്‍ സദറില്‍ മത്സരിക്കും. മുപ്പത്തിനാലുകാരനായ ആസാദ് ഇന്നാണ് തീരുമാനം വ്യക്തമാക്കിയത്.
യുപിയില്‍ 41 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതില്‍ 16 പേര് സ്ത്രീകളാണ്. 125 പേര് ഉള്‍പ്പെടുന്ന ആദ്യ പട്ടിക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 40 ശതമാനം വനിതകളുണ്ടായിരുന്നു.
പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന അപ്നാ ദള്‍, നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംദള്‍ (നിഷാദ്) പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒബിസി, ദലിത് വിഭാഗങ്ങള്‍ക്കുവേണ്ടി ബിജെപി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമുയര്‍ത്തി
മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 11 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തിലാണ് ഈ നീക്കം.
Read More: യുപിയില്‍ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിർത്താൻ ബിജെപി; അപ്നാ ദള്‍, നിഷാദ് പാര്‍ട്ടികളുമായി സഖ്യം
അതേസമയം, സമാജ്വാദി പാര്‍ട്ടി മുന്‍ എംഎല്‍എ പ്രമോദ് ഗുപ്തയും കോണ്‍ഗ്രസ് മുന്‍ നേതാവ് പ്രിയങ്ക മൗര്യയും ബിജെപിയില്‍ ചേര്‍ന്നു. എസ് പി മുന്‍ അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ ഇളയമകന് പ്രതീകിന്റെ ഭാര്യ അപര്‍ണ യാദവ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഗോവയില്‍ ബിജെപി പ്രഖ്യാപിച്ച 34 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി മോഹന്‍ പരീക്കറുടെ മകന് ഉത്പല്‍ പരീക്കര്‍ ഇടംപിടിച്ചില്ല. ഉത്പലിന് ആദം ആദ്മി പാര്‍ട്ടി (എഎപി) സീറ്റ് വാഗ്ദാനം ചെയ്തു. ഉത്പലിനെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ ക്ഷണിച്ച എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് പരീക്കര്‍ കുടുംബത്തോട് ബിജെപി ‘ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുക’ എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഉത്പലിനു ബദല്‍ പദവികള്‍ വാഗ്ദാനം ചെയ്തതായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘ഞങ്ങള്‍ അദ്ദേഹത്തിനു ബദല്‍ വാഗ്ദാനം ചെയ്തു. ആദ്യത്തേത് അദ്ദേഹം നിരസിച്ചു. രണ്ടാമത്തേതു സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അദ്ദേഹമത് അംഗീകരിക്കുമെന്നാണ് കരുതുന്നത്,” ഫഡ്നാവിസ് പറഞ്ഞു.
Also Read:
പനാജിയില്‍ മത്സരിക്കാനാണ് ഉത്പല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സീറ്റ് നിലവിലെ എംഎല്‍എ അറ്റനാസിയോ മോണ്സെറേറ്റിനു നല്‍കുകയായിരുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാങ്കെലിമിലും പമുഖ്യമന്ത്രി മനോഹര്‍ അജ്ഗാവോങ്കര്‍ മഡ്ഗാവിലും മത്സരിക്കും.
പഞ്ചാബില്‍ എഎപി പ്രചാരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ചണ്ഡീഗഡ് മണ്ഡലത്തിലെ അരവിന്ദ് കേജ്രിവാളിന്റെ ദ്വിദിന സന്ദര്‍ശനം ഇന്നാരംഭിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭഗവന്ത് മനെ പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കേജ്രിവാളിന്റെ സന്ദര്‍ശനം. സൻഗ്രൂരിലെ ധുരി മണ്ഡലത്തിലാണ് മൻ ജനവിധി തേടുന്നത്. നിലവിൽ എഎപിയുടെ സൻഗ്രൂരിൽനിന്നുള്ള എംപിയാണ് അദ്ദേഹം.
ഉത്തരാഖണ്ഡില്‍ 59 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഖതിമയില്‍ ജനവിധി തേടും. സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക് ഹരിദ്വാറിലാണു മത്സരിക്കുന്നത്. 70 സീറ്റുകള്‍ ഉള്‍പ്പെട്ടതാണ് ഉത്തരാഖണ്ഡ് നിയമസഭ.