ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനുള്ള 86 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ചാംകൗർ സാഹിബിൽ നിന്ന് മത്സരിക്കുമ്പോൾ നവജ്യോത് സിംഗ് സിദ്ദു അമൃത്സർ ഈസ്റ്റിൽ പാർട്ടിയെ പ്രതിനിധീകരിക്കും.
പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല, നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് എന്നിവർക്ക് യഥാക്രമം മാൻസയിൽ നിന്നും മോഗയിൽ നിന്നും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്.
നേരത്തെ, ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 107 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ അർബനിൽ മത്സരിക്കും, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തുവിൽ മത്സരിക്കും. ആദ്യഘട്ടത്തിൽ 57 പേരും രണ്ടാം ഘട്ടത്തിൽ 48 പേരും പട്ടികയിലുണ്ട്.
അതിനിടെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയും സമാജ്വാദി പാർട്ടിയും (എസ്പി) തമ്മിൽ സഖ്യത്തിനുള്ള സാധ്യത ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് ശനിയാഴ്ച തള്ളിക്കളഞ്ഞു. “കഴിഞ്ഞ അറ് മാസത്തിനിടെ ഞാൻ അഖിലേഷ് യാദവുമായി ഒരുപാട് കൂടിക്കാഴ്ചകൾ നടത്തി. അതിനിടയിൽ പോസിറ്റീവായ കാര്യങ്ങളും സംഭവിച്ചു, പക്ഷേ അവസാനം, അഖിലേഷ് യാദവിന് ദലിതരെ ആവശ്യമില്ലെന്ന് എനിക്ക് തോന്നി. ഈ സഖ്യത്തിൽ ദളിത് നേതാക്കളെ അദ്ദേഹത്തിന് ആവശ്യമില്ല. ദളിതർ തനിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, ”ആസാദ് പറഞ്ഞു.
Also Read: യുപി നിയമസഭാ തിരഞ്ഞെടുപ്പ്: അയോധ്യയിൽ അല്ല, യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കും