/indian-express-malayalam/media/media_files/uploads/2022/02/assembly-election-2022-goa-uttarakhand-uttar-pradesh-updates-617349-FI.jpeg)
എക്സ്പ്രസ് ഫൊട്ടോ: പ്രവീണ്‍ ഖന്ന
ന്യൂഡല്‍ഹി: ഉത്തര്‍പ്രദശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും കുറഞ്ഞ പോളിങ്. വൈകിട്ട് മൂന്നു വരെ 51.93 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തില്‍ 60 ശതമാനമായിരുന്നു പോളിങ്.
ഗോവയില്‍ വൈകിട്ട് അഞ്ച് വരെ 75.29 ശതമാനവും ഉത്തരാഖണ്ഡില്‍ 59 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി ഇന്ന് വോട്ടെടുപ്പ് പൂര്‍ര്‍ത്തിയായി. 11 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള ഗോവയില്‍ 40 സീറ്റുകളിലായി 301 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. 81 ലക്ഷം വോട്ടര്‍മാരുള്ള ഉത്തരാഖണ്ഡില്‍ 152 സ്വതന്ത്രര്‍ ഉള്‍പ്പെടെ 632 സ്ഥാനാര്‍ത്ഥികള്‍ 70 സീറ്റുകളില്‍ മത്സരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. 20നാണു മൂന്നാം ഘട്ടം. അന്നു തന്നെ ഒറ്റഘട്ടമായി പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കും. മണിപ്പൂരില്‍ 28, മാര്‍ച്ച് അഞ്ച് തിയതികളിലാണ് വോട്ടെടുപ്പ്.യുപിയിൽ 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് തിയതികളിലാണ് മറ്റു നാലു ഘട്ട വോട്ടെടുപ്പ്.
ഗോവയിലും ഉത്തര്‍പ്രദേശിലും രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ഉത്തരാഖണ്ഡില്‍ രാവിലെ എട്ടിനാണു പോളിങ് തുടങ്ങിയത്. മുഖ്യമന്ത്രിമാരായ പ്രമോദ് സാവന്ത്, പുഷ്‌കര്‍ സിങ് ധാമി, മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജയിലിലായിരുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ എന്നിവരാണ് വിവിധ ഇന്നു വോട്ടെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളില്‍ മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ആം ആദ്മി പാര്‍ട്ടി (എഎപി), സമാജ്‌വാദി പാര്‍ട്ടി (എസ് പി), കോണ്‍ഗ്രസ് എന്നിവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ വാദങ്ങള്‍ മറികടക്കാനുള്ള അഗ്‌നിപരീക്ഷകൂടിയാണ് ഭരണകക്ഷിയായ ബിജെപിക്കിത്.
അതിനിടെ, 'പുതിയ പഞ്ചാബ്' ഉണ്ടാകുമ്പോള്‍ മാത്രമേ 'പുതിയ ഇന്ത്യ' നിര്‍മിക്കാനാവൂയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജലന്ധറിലെ പിഎപി ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പഞ്ചാബില്‍ അഴിമതിക്കും മാഫിയ രാജിനും സ്ഥാനമില്ല. അവസരവാദികള്‍ക്കും ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഒരവസരവും നല്‍കില്ല. പഞ്ചാബ് അതിര്‍ത്തി സംസ്ഥാനമാണെന്നും അതിന്റെ സുരക്ഷയും സമാധാനവുമാണ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഉത്തര്‍പ്രദേശ് എല്ലാവര്‍ക്കും എത്രത്തോളം സുരക്ഷിതമാണെന്ന് കാണ്‍പൂരില്‍ ഒരു റാലിയെ അഭിസംബോധന പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.''ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഭരണത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് തോന്നുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ധാരാളം മുസ്ലീം പെണ്‍കുട്ടികള്‍ പോകുന്നുണ്ട്,'' അദ്ദേഹം പറഞ്ഞു.
Also Read: ചെറാട് മലകയറി യുവാവ്; രാത്രിയെത്തി രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.