ന്യൂഡെല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പി​ന്റെ ഫലം മണിക്കൂറുകള്‍ക്കകം പ്രഖ്യാപിക്കും. ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, മണിപ്പൂർ, ഗോവ, പഞ്ചാബ്​ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോ​ട്ടെണ്ണലാണ്​ രാവിലെ എട്ട്​ മണി മുതൽ ആരംഭിക്കുക.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായും, നോട്ട് നിരോധനത്തിനുശേഷം നരേന്ദ്ര മോദിയുടെ ജനപ്രീതി അളക്കുന്ന ഹിതപരിശോധനയായും വിലയിരുത്തപ്പെടാവുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.
ത്രികോണ മൽസരം നടക്കുന്ന യു.പിയാണ്​ ഏല്ലാവരും ഉറ്റുനോക്കുന്ന ഫലം.

403 സീറ്റുകളിലേക്കാണ്​ ഉത്തർപ്രദേശിൽ വോ​ട്ടെടുപ്പ്​ നടന്നത്​. കോൺഗ്രസ്​-സമാജ്​വാദി പാർട്ടി സഖ്യവും ബി.ജെ.പിയും തമ്മിലാണ്​ മുഖ്യമായ പോരാട്ടമെങ്കിലും മായവതിയുടെ ബഹുജൻ സമാജ്​വാദി പാർട്ടിയെയും വിലകുറച്ച്​ കാണാനാവില്ല. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും​ ഗോവയിൽ 40 സീറ്റുകളിലേക്കും മണിപ്പൂരിൽ 60 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കുമാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബി.ജെ.പിക്ക് വ്യക്തമായ മേൽക്കൈ കിട്ടുമെന്നാണ് പ്രവചനങ്ങള്‍. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലാകട്ടെ, പുറത്തുവന്ന എല്ലാ എക്സിറ്റ് പോൾ ഫലങ്ങളിലും ബി.ജെ.പി കുറഞ്ഞത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന നേട്ടമെങ്കിലും കരസ്ഥമാക്കിയിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

ടൈംസ് നൗ വി.എം.ആർ, സംസ്ഥാനത്ത് ബി.ജെ.പി 190-210 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു. പഞ്ചാബിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒപ്പത്തിനൊപ്പമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ വ്യക്തമാക്കിയത്. ഇവിടെ, അകാലിദൾ ബിജെപി സഖ്യം ഏറെക്കുറെ തകർന്നടിയുമെന്നാണ് പ്രവചനങ്ങൾ.

ഗോ​വ​യി​ൽ ബി​.ജെ​.പി ഭ​ര​ണം നി​ല​നി​ർ​ത്തിയേക്കുമെന്നും ഉത്തരാഖണ്ഡിൽ കാവിക്കൊടി പാറുമെന്നാണ് മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളും സൂചിപ്പിച്ചത്. എന്നാൽ മണിപ്പൂരിൽ തൂക്ക് മന്ത്രിസഭയാണ് മിക്ക ഏജൻസികളും പ്രവചിക്കുന്നതെങ്കിലും ബി.ജെപി വടക്കുകിഴക്കൻ സംസ്ഥാനത്ത് വ്യക്തമായ മുന്നേറ്റം നടത്തുമെന്നും പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook