ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കേരളം, പശ്ചിമ ബംഗാള്‍, നാഗാലാ‌‍ന്‍ഡ്, മേഘാലയ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഒട്ടും ആശ്വസിക്കാനുള്ള സ്ഥിതിയിലല്ല ബിജെപി. കേന്ദ്ര ഭരണവും ഇതുവരെ ഇല്ലാതിരുന്നത്രയും സംസ്ഥാനങ്ങളില്‍ അധികാരവും കൈയ്യാളുന്ന പാര്‍ട്ടിയുടെ  അടിപതറും വിധമാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ ഒഴികെ മറ്റെല്ലായിടത്തും ബിജെപി പരാജയപ്പെട്ടു.

ഇന്ന് വന്ന ഫലത്തില്‍ എടുത്ത് പറയേണ്ട വിജയമാണ് ഉത്തര്‍പ്രദേശിലെ കയ്‌റാന ഉപതിരഞ്ഞെടുപ്പില്‍ തബസും ഹസന്‍ നേടിയത്. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണം ദേശീയ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പാണ് കയ്‌റാന ലോക്‌സഭ സീറ്റിലേത്. ബിജെപിയുടെ മൃഗാങ്ക സിങ്ങിനെ തോല്‍പ്പിച്ച ബീഗം തബസും ഹസന്‍, അജിത്‌ സിങ്ങിന്‍റെ രാഷ്ട്രീയ ലോക്ദള്‍ ടിക്കറ്റിലാണ് മൽസരിച്ചത്.

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും ഉണ്ടായിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു ഈ പ്രതിപക്ഷ ഐക്യം.

കടുത്ത വര്‍ഗീയ കാര്‍ഡുപയോഗിച്ചായിരുന്നു മണ്ഡലത്തില്‍ ബിജെപി പ്രചരണം നടത്തിയത്. അതിക്രമങ്ങളെ ഭയന്ന് കയ്‌റാനയിലെ ഹിന്ദുക്കള്‍ പലായനം ചെയ്യുകയാണ് എന്നായിരുന്നു ബിജെപി എംപി ഹുക്കും സിങ് നടത്തിയ പ്രസ്താവന.

ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന നൂര്‍പൂറില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ജയിച്ചു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് എസ്‌പിയുടെ നൈം ഉല്‍ ഹസന്‍ വിജയിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റ പരാജയത്തിന്‍റെ പ്രത്യാഘാതം വിട്ടൊഴിയുന്നതിന് മുന്‍പാണ് വീണ്ടുമൊരു പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നത്. യോഗി ആതിത്യനാഥിന്‍റെ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം എന്നതോടൊപ്പം ഉത്തര്‍പ്രദേശ്‌ പോലെ നിര്‍ണായകമായ സംസ്ഥാനത്ത് ബിജെപി തന്ത്രങ്ങള്‍ പാളുന്നതായി വേണം ഈ പരാജയങ്ങള്‍ വിലയിരുത്താന്‍.

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് പ്രാദേശിക പാര്‍ട്ടികളുടെ മുന്നണികള്‍ രൂപപ്പെടുന്നു എന്നതാണ് ഉത്തര്‍പ്രദേശ്‌ തരുന്ന പാഠം.

മേഘാലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അംപാഠി അസംബ്ലി മണ്ഡലത്തില്‍ വിജയിച്ചു കൊണ്ട് കോണ്‍ഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മൂവായിരത്തില്‍പരം വോട്ടിന്‍റെ ലീഡിലാണ് കോണ്‍ഗ്രസ് വിജയം. ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്.

നാഗാലാ‌‍ന്‍ഡില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാർത്ഥിയാണ് വിജയിക്കുന്നത്. ബിജെപി പിന്തുണയ്ക്കുന്ന പിഡിഎ സ്ഥാനാര്‍ഥി ടോഖെഹോ യെപ്തോമിയെ അതിദൂരം പിന്നോട്ടാക്കിയാണ് വിജയം.

ബിഹാറിലെ ജോകിഹട്ടില്‍ ബിജെപി പാളയത്തിലേക്ക് കൂറുമാറിയ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ഥിയെ നാല്‍പതിനായിരത്തില്‍പരം വോട്ടുകള്‍ക്ക് പിന്തള്ളിയാണ് ജനതാദള്‍ സ്ഥാനാര്‍ഥിയുടെ വിജയം. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുസ്‌ലിം- യാദവ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന നിതീഷ് കുമാറിന്‍റെ പ്രതീക്ഷയാണ് ഇല്ലാതായത്.

കടുത്ത മൽസരം തന്നെയാണ് പഞ്ചാബില്‍ നടന്നത്. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളിനെ പിന്നിലാക്കിക്കൊണ്ട് കോണ്‍ഗ്രസിന്‍റെ ഹര്‍ദേവ് സിങ് വിജയിച്ചു.

ജാര്‍ഖണ്ഡ് അസംബ്ലിയിലേക്ക് നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ഥി വിജയിച്ചു.

തിരഞ്ഞെടുപ്പ് മാറ്റിവച്ച കര്‍ണാടകത്തിലെ രാജരാജേശ്വരി നഗറില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സ്ഥാനാര്‍ഥി അനായാസ വിജയം കണ്ടു.

മഹാരാഷ്ട്രയില്‍ രണ്ട് മണ്ടലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭാന്ദ്ര – ഗോണ്ടിയാ ലോക്‌സഭാ സീറ്റില്‍ എന്‍സിപി- കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥി വിജയം നേടിയപ്പോള്‍ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും പരസ്‌പരം മൽസരിച്ച പല്‍ഘറില്‍ ബിജെപി വിജയിച്ചു.

പശ്ചിമ ബംഗാളിലെ മഹേഷ്ടലയിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദുലാല്‍ ചന്ദ്ര ദാസ് വിജയിച്ചു. സിപിഎമ്മിന്‍റെ പ്രവത് ചൗധരി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കേരളത്തില്‍ ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സജി ചെറിയാന്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനവും അതിദൂരം പിന്നിലായ ബിജെപി മൂന്നാം സ്ഥാനംകൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ ഏറെ നിര്‍ണായകമാണ് ഇന്ന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. മൽസരിച്ച സീറ്റുകളില്‍ ഒന്നൊഴികെ എല്ലായിടത്തും ബിജെപി പരാജയപ്പെടുമ്പോള്‍ പ്രാദേശിക കക്ഷികളും കോണ്‍ഗ്രസും ശക്തമായി മടങ്ങി വന്നു.

2019 ആവുമ്പോഴേക്കും പ്രതിപക്ഷ ഐക്യം ശക്തപ്പെടുകയാണ് എങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമാകില്ല. മോദി അനുകൂല ഘടകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മുന്നില്‍ അടിപതറുകയാണ് ബിജെപി. പ്രതിപക്ഷ ഐക്യമെന്ന ഭീഷണി എങ്ങനെ മാറ്റിനിര്‍ത്താം എന്നാകും ഇനി ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook