ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ അസം പ്രസിഡന്റിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിച്ചാണ് പുറത്താക്കല്‍. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശ്രീനിവാസിനെതിരേ ഉണ്ടായത്.
”പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് അസം പ്രദേശ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ഡോ. അംഗിത ദത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പുറത്താക്കി,” എഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ശ്രീനിവാസ് തന്നോട് ലിംഗവിവേചനം കാട്ടിയെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നും അങ്കിത ആരോപിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അംഗിത ആരോപിച്ചു. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിത, അസം പി.സി.സി. മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകളുമാണ്.
ആറ് മാസമായി ബി.വി.ശ്രീനിവാസും ഐ.വൈ.സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് വര്‍ധന്‍ യാദവും തന്നെ ദ്രോഹിക്കുകയാണെന്നാണ് അംഗിതയുടെ പരാതി. ശ്രീനിവാസിനെ ‘ലൈംഗികവാദി’, ‘വര്‍ഗീയവാദി’ എന്ന് വിളിച്ചായിരുന്നു അംഗിതയുടെ ട്വീറ്റ്. ഞാനൊരു വനിതാ നേതാവാണ്. ഞാന്‍ ഇത്തരം പീഡനത്തിന് വിധേയയായാല്‍, മറ്റ് സ്ത്രീകളെ ചേരാന്‍ ഞാന്‍ എങ്ങനെ പ്രോത്സാഹിപ്പിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം അറിയിച്ചിട്ടും രാഹുല്‍ ഗാന്ധി നടപടി ആരംഭിച്ചില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.
ജനുവരിയില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ ജമ്മു യാത്രക്കിടെ താന്‍ രാഹുലിനെ കണ്ടിരുന്നുവെന്നും ശ്രീനിവാസിന്റെ ‘മാനസിക പീഡനത്തെക്കുറിച്ചും അപമാനകരമായ ഭാഷാ ഉപയോഗത്തെക്കുറിച്ചും’ രാഹുലുമായി സംസാരിച്ചതായും അവര്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അംഗിത പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ബി.വി ശ്രീനിവാസന്റെ മുന്നറിയിപ്പ്.