Exit Poll Results: ന്യൂഡല്‍ഹി: അസം, ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. അസമില്‍ ബിജെപിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഭരണം തുടരുമെന്നാണ് വിവിധ ദേശിയ മാധ്യമങ്ങളുടെ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ ഭരണമാറ്റം ഉണ്ടാകും. ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
അസമില്‍ ബിജെപി തന്നെ
126 സീറ്റുകളിലാണ് അസമില്‍ തിരഞ്ഞെടുപ്പ് നടന്നത്. 64 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക് അനുകൂലമാണ്. എബിപി-സി വോട്ടര്‍ സര്‍വ്വേ അനുസരിച്ച് എന്‍ഡിഎയ്ക്ക് 58-71 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസിന് 53-66 ആണ് സീറ്റ് നില. മറ്റുള്ളവര്‍ക്ക് 0-5 സീറ്റ് വരെ ലഭിക്കാം.
പി മാര്‍ക്യു സര്‍വ്വേ അനുസരിച്ച് ബിജെപി സഖ്യത്തിന് 62-70 സീറ്റുകള്‍ വരെ ലഭിക്കും. 56-64 ആണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യത. മറ്റുള്ളവര്‍ നാല് സീറ്റ് വരെ നേടും. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളും ബിജെപിക്കാണ് സാധ്യത. 75 മുതല്‍ 85 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 40-50 സീറ്റുകള്‍ വരെ നേടും. റിപ്പബ്ലിക്ക് ടിവി – സിഎന്‍എക്സ് സര്‍വ്വേയിലും സമാനമാണ് സീറ്റ് നില. 74-84 സീറ്റുകള്‍ ബിജെപിക്കും 40-50 കോണ്‍ഗ്രസിനും 1-3 മറ്റുള്ളവര്‍ക്കും ലഭിക്കാനാണ് സാധ്യത.
Read Also: സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ
ബംഗാളില്‍ ഉറപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസ്
294 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടിജി റിസേര്‍ച്ചിന്റെ എക്സിറ്റ് പോള്‍ ഫലമനുസരിച്ച് 164 മുതല്‍ 176 സീറ്റ് വരെ തൃണമൂലിന് ലഭിക്കും. 115 സീറ്റ് വരെ ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ്-ഇടത് സഖ്യം 10-15 മണ്ഡലങ്ങളില്‍ വിജയിക്കും.
പി -മാര്‍ക്യു സര്‍വ്വേ അനുസരിച്ച് തൃണമൂലിന് 152-172 സീറ്റ് വരെ ലഭിക്കും. ബിജെപിക്ക് 112-132 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് 10-20 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു. സിഎന്‍എന്‍ ന്യൂസ് 18 സര്‍വ്വേ അനുസരിച്ച് 162 സീറ്റുകളാണ് തൃണമൂലിന് ലഭിക്കുക. ബിജെപി 115 മണ്ഡലത്തില്‍ വിജയക്കും. കോണ്‍ഗ്രസ്-ഇടത് സഖ്യം 15 സീറ്റ് നേടുമെന്നും എക്സിറ്റ് പോള്‍.
Also Read: സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ
റിപ്പബ്ലിക്ക് ടിവി-സിഎന്‍എക്സ് എക്സിറ്റ് പോള്‍ ബിജെപിക്ക് അനുകൂലമാണ്. 138 മുതല്‍ 148 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. തൃണമൂല്‍ 128-138 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സര്‍വ്വേ. കോണ്‍ഗ്രസ്-ഇടത് സഖ്യം 21 മണ്ഡലങ്ങളില്‍ വരെ വിജയിക്കാം.
ഡിഎംകെ അധികാരത്തിലേക്ക്
തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചു വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 234 മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായത്.
റിപ്പബ്ലിക്ക് ടിവി-സിഎന്‍എക്സ് സര്‍വ്വേ പ്രകാരം 160-170 സീറ്റുകള്‍ നേടി ഡിഎംകെ സഖ്യം അധികാരത്തിലെത്തും. എഐഡിഎംകെ സഖ്യം 58-68 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ ഫലം പറയുന്നു. എഎംഎംകെ സഖ്യം 4-6 സീറ്റ് വരെ നേടും.
പി-മാര്‍ക്യു എക്സിറ്റ് പോളില്‍ ഡിഎംകെ 165-190 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. എഐഡിഎംകെ 40-65 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വേ.