ഗുവാഹത്തി: ഫെയ്സ്ബുക്കില്‍ വിവാദം പരാമര്‍ശം നടത്തിയെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. അസമിലാണ് സംഭവം. ഡല്‍ഹി അക്രമങ്ങളെ കുറിച്ച് അധ്യാപകനായ സൗരദീപ് സെന്‍ഗുപ്ത ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതാണെന്നും ഹിന്ദു മതത്തിനെതിരാണെന്നും ആരോപിച്ചാണ് വിദ്യാർഥികള്‍ പരാതി നല്‍കിയത്.
സില്ചാറിലെ ഗുര്‍ചരണ്‍ കോളേജ് അധ്യാപകനാണ് സൗരദീപ്. ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പ് വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്നതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കച്ചാര്‍ എസ്പിയായ മാനവേന്ദ്ര ദേവ് റേ പറഞ്ഞു.
Read Also: ‘നട്ടെല്ലില്ലാത്തവൻ എന്നു വിളിച്ചാൽ പ്രശംസയാകും; എത്രരൂപയ്ക്കാണ് നിങ്ങളെ വിറ്റത്’
കോളേജിലെ ഗസ്റ്റ് അധ്യാപകനാണ് സെന്‍ഗുപ്ത. ദേശീയ തലസ്ഥാനത്ത് ചില വിഭാഗങ്ങള്‍ 2002-ലെ ഗോധ്ര ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പോസ്റ്റ്. ഇത് വിവാദമായതിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിക്കുകയും ചെയ്തു.
പക്ഷേ, വിദ്യാർഥികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേസ് നല്‍കുകയായിരുന്നു. സെന്‍ഗുപ്തയെ എത്രയും വേഗം പുറത്താക്കണമെന്നും അവര്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു.
എങ്ങനെ ഞങ്ങളുടെ മതത്തെ അയാള്‍ക്ക് അപമാനിക്കാന്‍ കഴിയുമെന്ന് പരാതിക്കാരിലൊരാളായ രോഹിത് ഛദ്ദ (18) ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധ്യാപകന് അപമാനിച്ചുവെന്ന് പരാതിക്കാര്‍ ആരോപിച്ചു. രണ്ട് വട്ടം പ്രധാനമന്ത്രിയായ മോദിക്കെതിരെ എങ്ങനെയൊരാള്‍ക്ക് പരാമര്‍ശം നടത്താന്‍ കഴിയുമെന്ന് പരാതിക്കാര്‍ ചോദിച്ചു.
അതേസമയം, കോളേജിലെ 40 ഓളം കുട്ടികള്‍ സെന്‍ഗുപ്തയുടെ വീട്ടിലേക്ക് പ്രകടനം നടത്തി. പ്രകടനക്കാര്‍ സെന്‍ഗുപ്തയുടെ മാപ്പ് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഇത് ഭീകരാനുഭവമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ പറഞ്ഞു.