ന്യൂഡല്‍ഹി: മണിപ്പൂരില്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കമാന്‍ഡന്റും രണ്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു.
കമാൻഡിങ് ഓഫിസർ വിപ്ലവ് ത്രിപാഠി, ഭാര്യ, ഒൻപതു വയസുള്ള മകൻ, നാല് സൈനികർ എന്നിവരാണു തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചുരാചാന്ദ്പുര്‍ ജില്ലയിലെ ബെഹിയാങ് പൊലീസ് സ്റ്റേഷനു കീഴിൽ വരുന്ന എസ് സെഹ്കെൻ ഗ്രാമത്തിൽ ഇന്നു രാവിലെ പത്തോടെയായിരുന്നു ആക്രണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യ-മ്യാന്മർ അതിർത്തിയിലെ 43-ാം സ്തംഭത്തിനടുത്താണ് ആക്രമണം നടന്നത്.
ബെഹിയാങ്ങിലെ കമ്പനി പോസ്റ്റിൽനിന്ന് ബേസിലേക്കു മടങ്ങവെയാണ് കമാൻഡിങ് ഓഫിസറും കുടുംബവും സഞ്ചരിച്ച വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽനിന്ന് 122 കിലോ മീറ്റർ അകലെയാണ് ബെഹിയാങ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു വിഭാഗവും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. അതേസമയം, മണിപ്പൂരിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യാണു സംഭവത്തിനു പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ആക്രമണം ഭീരുത്വപരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ”കമാൻഡിങ് ഓഫിസർ 46 എആർ ഉൾപ്പെടെ അഞ്ച് ധീരരായ സൈനികരെയാണ് രാജ്യത്തിനു നഷ്ടമായത്. കമാൻഡിങ് ഓഫിസറുടെ രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ആക്രണമത്തെ മണിപ്പുർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങും ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരില്‍ കമാന്‍ഡന്റും ഉള്‍പ്പെടുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കമാന്‍ഡിങ് ഓഫിസറും കുടുംബാംഗങ്ങളും ദ്രുതപ്രതികരണ സംഘവും വാഹനവ്യൂഹത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്ത് ഓപറേഷന്‍ തുടരുകയാണ്.