scorecardresearch
Latest News

വളർത്തുമകളെ ബലാത്സംഗം ചെയ്തതിന് പത്മ പുരസ്‌കാര ജേതാവിനെതിരെ പോക്സോ കേസ്

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ മുൻകൂർ ജാമ്യം തേടി ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 28ന് കോടതി ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ജനുവരി ഏഴിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്

വളർത്തുമകളെ ബലാത്സംഗം ചെയ്തതിന് പത്മ പുരസ്‌കാര ജേതാവിനെതിരെ പോക്സോ കേസ്
പ്രതീകാത്മക ചിത്രം

ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ സംരക്ഷണയിലായിരിക്കെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അസമിലെ പത്മ പുരസ്‌കാര ജേതാവിനെതിരെ പോക്‌സോ കേസ്. ഡിസംബർ 17ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡിഎസ്എൽഎ) അറിയിച്ച പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അസം പൊലീസാണ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് .

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ മുൻകൂർ ജാമ്യം തേടി ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 28ന് കോടതി ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ജനുവരി ഏഴിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ആരോപിക്കപ്പെട്ട കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ ദേവ് ചൗധരി തന്റെ ഉത്തരവിൽ പറഞ്ഞു. എന്നാൽ തന്റെ പ്രശസ്തിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന ഹർജിക്കാരന്റെ ആരോപണവും ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)ക്കെതിരായ എതിർ ഹർജിയും പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇരയുടെ പ്രത്യേക പ്രസ്താവനകളൊന്നും എഫ്‌ഐആർ വെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നീതിയുടെ താൽപര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് പറഞ്ഞു. ഏഴ് ദിവസത്തിനകം പൊലീസിന് മുൻപിൽ ഹാജരാകാനും ഹർജിക്കാരനോട് ആവശ്യപ്പെട്ടു. പ്രതി ഹാജരായതായും മൊഴി രേഖപ്പെടുത്തിയതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെ തന്റെ സംരക്ഷണയിലായിരുന്നപ്പോൾ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഫ്ഐആർ. ആരോപണം ഗൗരവമുള്ളതാണെന്ന് ഡിഎൽഎസ്എ സെക്രട്ടറി ബിചിത്ര ദത്ത പറഞ്ഞു. വൈദ്യപരിശോധനയിലും പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ഇപ്പോൾ പൊലീസ് സംരക്ഷണത്തിൽ ചിൽഡ്രൻസ് ഹോമിലാണ്.

എഫ്‌ഐ‌ആർ പ്രകാരം 2020 ഓഗസ്റ്റിലാണ് പെൺകുട്ടിയെ ഉൾപ്പെടെ രണ്ടുപേരെ ഒരു വർഷത്തേക്ക് പ്രതിയുടെ സംരക്ഷണയിലാക്കിയത്, ഒരു വർഷത്തിന് ശേഷം അത് പുതുക്കണമെന്ന അടിസ്ഥാനത്തിലായിരുന്നു. എന്നാൽ സിഡബ്ല്യുസി ഒന്നിലധികം തവണ ഓർമിപ്പിച്ചിട്ടും അത് പുതുക്കാനോ കുട്ടികളെ ഹാജരാക്കാനോ ഇയാൾ തയ്യാറായില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഈ വർഷം ഒക്ടോബർ 28 ന് പ്രതി രണ്ട് കുട്ടികളെയും സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കി, എന്നാൽ ഫോസ്റ്റർ കെയർ പുതുക്കുന്നതിനുള്ള തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ ഇവരെ ശിശുഭവനിലേക്ക് അയച്ചു.

എഫ്‌ഐആർ പ്രകാരം, നവംബർ 30നാണ് സിഡബ്ല്യുസി അംഗങ്ങൾ പെൺകുട്ടിയുടെ മൊഴിയുമായി ഡിഎസ്‌എൽഎയുടെ ദത്തയെ സമീപിക്കുന്നത്. അങ്ങനെയാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് ഡിഎസ്‌എൽഎ വിഷയത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ട് ഡിസംബർ എട്ടിന് സിഡബ്ല്യുസി ചെയർമാന് ഒരു കത്ത് അയയ്ക്കുകയും ചെയ്തു.

ഡിസംബർ 15 വരെ റിപ്പോർട്ട് സമർപ്പിക്കാതായപ്പോൾ, സിഡബ്ല്യുസിയുടെ ഭാഗത്തെ നിഷ്‌ക്രിയത്വവും ആരോപണങ്ങളുടെ സ്വഭാവവും കണക്കിലെടുത്ത് ഡിസംബർ 16ന് ഡിഎസ്എൽഎ സിഡബ്ല്യുസിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അതിനുശേഷം, ഇരയുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം വൈദ്യപരിശോധനയ്ക്ക് ഉത്തരവിട്ടുകൊണ്ട് ഡിഎസ്എൽഎ വിഷയത്തിൽ പ്രാഥമിക അന്വേഷണവും ആരംഭിക്കുകയായിരുന്നു.

പുരസ്‌കാര ജേതാവും ഭാര്യയും വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും അവരുടെ സംരക്ഷണത്തിൽ നിരവധി പെൺകുട്ടികൾ കഴിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ അഭിഭാഷകൻ പറഞ്ഞു. കുട്ടികളുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് സിഡബ്ല്യുസിയും പ്രതിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കെട്ടിചമച്ച കേസാണിത്. അതുകൊണ്ടാണ് പോക്‌സോ കേസായിട്ടു പോലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ ഉൾപ്പെടുന്ന കേസിൽ ഒരു വ്യക്തിയുടെ “സാമൂഹിക പദവി” പരിഗണിക്കേണ്ടതില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സഹാൻ പറഞ്ഞു.

അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്ന് മനഃപൂർവമായ കാലതാമസം ഉണ്ടായിട്ടില്ലെന്നും സമിതിയിലെ എല്ലാ അംഗങ്ങളും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആയതിനാൽ ഉണ്ടായ കാലതാമസമാണെന്നും ഒരു സിഡബ്ല്യുസി ഉദ്യോഗസ്ഥൻ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Assam padma awardee booked for alleged rape of foster child