ഗുവാഹത്തി: വിദേശിയെന്ന് മുദ്ര കുത്തി ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് അയച്ച, ഇന്ത്യന്‍ സൈന്യത്തിലെ വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് സനാവുള്ളയെ വീണ്ടും പുറത്താക്കി അസം പൗരത്വ റജിസ്റ്റര്‍. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പട്ടികയില്‍ ഇടം നേടി.

”എന്റെ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ എന്റേ പേര് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. എനിക്ക് നീതി കിട്ടുമെന്നുറപ്പുണ്ട്” സനാവുള്ള പറഞ്ഞു. അതേസമയം, അവസാന നിമിഷം തന്റേ പേര് ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

”കഴിഞ്ഞ ആഴ്ച എന്ന കയാഗാവിലെ സേവാ കേന്ദ്രത്തിലേക്ക് വിളിച്ചിരുന്നു. എന്നെ വിദേശിയായ പ്രഖ്യാപിച്ച രേഖയും എന്റെ ജാമ്യ ഉത്തരവും സമര്‍പ്പിക്കാന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ അവസാന നിമിഷം എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. എന്റെ പേരിനൊപ്പം മക്കളായ ഷഹ്നാസ് അക്തര്‍, ഹില്‍മിന അക്തര്‍, മകന്‍ സയ്യിദ് അക്തര്‍ എന്നിവരുടെ പേരും പട്ടികയിലില്ല.ഹൈക്കോടതി വിധിയക്കായി കാത്തിരിക്കം. എന്നിട്ടായിരിക്കും അടുത്ത നീക്കം” അദ്ദേഹം പറഞ്ഞു.

Read More: അസം ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്

2008 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റിന്റെ മെഡല്‍ നേടിയിട്ടുള്ള സൈനിക ഉദ്യോഗസ്ഥനായിരുന്ന സനാവുള്ളയെ വിദേശിയായി പ്രഖ്യാപിക്കുന്നത്. മെയ് മാസത്തില്‍ അദ്ദേഹത്തെ ഡിറ്റെന്‍ഷന്‍ ക്യാമ്പിലേക്ക് അയച്ചിരുന്നു. പിന്നാലെ ഗുവാഹത്തി ഹൈക്കോടതി സനാവുള്ളയ്ക്ക് ജാമ്യം നല്‍കുകയായിരുന്നു. എന്നാല്‍ ട്രിബ്യൂണലിന്റെ ഉത്തരവ് തള്ളിയില്ല, സനാവുള്ളയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കുകയാണ്.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും സുബെദാറായി വിരമിച്ച സനാവുള്ള 1987 ലാണ് സൈന്യത്തില്‍ ചേരുന്നത്. അസം സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ ചന്ദ്രമാല്‍ ദാസാണ് സനാവുള്ള ‘വിദേശി’ തന്നെയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് 2008-ല്‍ ‘പൗരത്വം’ തെളിയിക്കണമെന്ന് കാട്ടി സനാവുള്ളയ്ക്ക് നോട്ടീസ് നല്‍കി. പൗരത്വ റജിസ്റ്റര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 2018-ല്‍ സനാവുള്ള ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാല്‍ 2018 മെയ് 23-ന് സനാവുള്ള വിദേശിയാണെന്ന് കാട്ടി ട്രൈബ്യൂണല്‍ ഗോല്‍പാറയിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook