ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായി. ഇക്കാര്യം ആവശ്യപ്പെട്ട് അസമിൽ നിന്നുള്ള ലോക്‌സഭാ എംപി പ്രദ്യുത് ബൊർദോലോയ്, സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ) തലവനായ മധുസൂദൻ മിസ്ത്രിക്ക് കത്തെഴുതി. ഇതേ ആവശ്യം ഉന്നയിച്ച് ലോക്സഭാ എംപി ശശി തരൂരും മിസ്ത്രിക്ക് കത്തെഴുതിയതായി അറിയുന്നു.
”അതെ, എല്ലാ ആശങ്കകളും ഇല്ലാതാക്കാനും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും വോട്ടർ പട്ടിക പരസ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് ഞാൻ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാന് ഒരു കത്ത് എഴുതിയിട്ടുണ്ട്,” നാഗോൺ എംപി ബൊർദോലോയ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കണക്കാക്കപ്പെടുന്ന ശശി തരൂരും വോട്ടർ പട്ടിക പരസ്യമാക്കണമെന്ന ജി 23 നേതാവും ലോക്‌സഭാ എംപിയുമായ മനീഷ് തിവാരിയുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ വോട്ടർ പട്ടിക പരസ്യമാക്കണമെന്നാണ് തിവാരി ആവശ്യപ്പെട്ടത്. വോട്ടർ പട്ടിക പരസ്യമാക്കിയില്ലെങ്കിൽ നടപടിക്രമം എങ്ങനെ നീതിയുക്തമാകുമെന്ന് തിവാരി ചോദിച്ചിരുന്നു. ബുധനാഴ്ച ലോക്‌സഭാ എംപി കാർത്തി ചിദംബരവും തരൂരും തിവാരിയുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി. കാർത്തിയും ബൊർദോലോയും ജി 23 ഗ്രൂപ്പിൽ അംഗങ്ങളല്ല.
കോൺഗ്രസ് വെബ്‌സൈറ്റിൽ സംസ്ഥാനതല വോട്ടർ പട്ടിക അപ്‌ലോഡ് ചെയ്യാൻ ബൊർദോലോയ് തിരഞ്ഞെടുപ്പ് അതോറിറ്റിയോട് ആവശ്യപ്പെട്ടതായി അറിയുന്നു.
അഞ്ച് വർഷം മുമ്പ് പാർട്ടി തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇലക്ടറൽ കോളേജിൽ 9,531 പിസിസി പ്രതിനിധികൾ ഉണ്ടായിരുന്നു. ഇത്തവണത്തെ വോട്ടർമാരുടെ കൃത്യമായ എണ്ണം സിഇഎ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2017ൽ രാഹുൽ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ മത്സരം ഉണ്ടായേക്കുമെന്നാണ് സൂചന.
വോട്ടർമാരുടെ പേരും വിലാസവും പാർട്ടി വെബ്‌സൈറ്റിൽ നൽകണമെന്ന് തിവാരിയും ആവശ്യപ്പെട്ടിരുന്നു. ”വോട്ടർമാർ ആരാണെന്ന് അറിയാൻ രാജ്യത്തെ എല്ലാ പിസിസി ഓഫീസുകളിലും ഒരാൾ എന്തിന് പോകണം?. ഇതൊരു ക്ലബ് തിരഞ്ഞെടുപ്പിൽ (പോലും) സംഭവിക്കുന്നില്ല. നീതിയുടെയും സുതാര്യതയുടെയും താൽപര്യം കണക്കിലെടുത്ത്, മുഴുവൻ വോട്ടർമാരുടെ പട്ടികയും കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
മുൻ ലോക്സഭാ എംപി കാർത്തി ചിദംബരത്തിൽനിന്നും തിവാരിക്ക് പിന്തുണ ലഭിച്ചിരുന്നു. ”എല്ലാ തിരഞ്ഞെടുപ്പുകൾക്കും വ്യക്തമായ വോട്ടർ പട്ടിക ആവശ്യമാണ്. വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ വ്യക്തവും നന്നായി നിർവചിക്കപ്പെട്ടതും സുതാര്യവുമായിരിക്കണം,” കാർത്തി പറഞ്ഞു.
മണിക്കൂറുകൾക്കുശേഷം ജി-23 നേതാവായ ശശി തരൂരും തിവാരിയെ പിന്തുണച്ച് എത്തി. ”വോട്ടർ പട്ടികയിൽ സുതാര്യത വേണം. അതാണ് മനീഷ് ആവശ്യപ്പെട്ടതെങ്കിൽ, എല്ലാവരും അംഗീകരിക്കുന്ന ഒരു തത്വമാണിതെന്ന് എനിക്ക് ഉറപ്പുണ്ട്. ആർക്കൊക്കെ നോമിനേറ്റ് ചെയ്യാം, ആർക്കൊക്കെ വോട്ട് ചെയ്യാം എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. അതിൽ തെറ്റൊന്നുമില്ല,” തരൂർ പറഞ്ഞു.