ന്യൂഡൽഹി: അസം-മിസോറാം അതിർത്തിയിലെ ഏറ്റുമുട്ടലുകളെക്കുറിച്ച് ഒരു നിഷ്പക്ഷ ഏജൻസി അന്വേഷണം നടത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. “ഏത് അന്വേഷണവുമായും സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. എന്തുകൊണ്ടാണ് കേസ് ഒരു നിഷ്പക്ഷ ഏജൻസിക്ക് കൈമാറാത്തത്, പ്രത്യേകിച്ചും സംഭവസ്ഥലം ഭരണഘടനാപരമായി അസമിൽ ഉള്ളതായിരിക്കുമ്പോൾ? ഇക്കാര്യം ഇതിനകം മിസോറാം മുഖ്യമന്ത്രി സോറംതംഗയെ അറിയിച്ചിട്ടുണ്ട്,” അസം മുഖ്യമന്ത്രി പറഞ്ഞു.
അസം-മിസോറാം അതിർത്തി സംഘർഷം വലിയ പ്രതിസന്ധിയായി മാറിയ സാഹചര്യത്തിലാണ് ഹിമാന്ത ബിശ്വ ശർമയുടെ പ്രതികരണം. മിസോറാമിലെ കൊളാസിബ് ജില്ലയിലെ ആറ് ഉദ്യോഗസ്ഥരെ അസം സർക്കാർ വിളിപ്പിക്കുകയും മിസോറാമിലെ ഏക രാജ്യസഭ എംപിയെക്കുറിച്ച് അന്വേഷിക്കാൻ അസം പൊലീസിനെ അയക്കുകയും കൂടി ചെയ്തതോടെ അതിർത്തി തർക്കം ഒരു വലിയ പ്രതിസന്ധിയായി മാറിയിരുന്നു.
അസമിലെ കച്ചാർ ജില്ലയുമായി അതിർത്തി പങ്കിടുന്ന കൊളാസിബ് ജില്ലയിലെ എസ്പി എടക്കം ആറു പേരെയാണ് അസം പൊലീസ് വിളിപ്പിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം ജൂലൈ 26ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും ആറ് ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തതായി മിസോറാം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Read More: അസം-മിസോറാം അതിർത്തി തർക്കം: ഒരു നൂറ്റാണ്ടിലധികം പഴക്കം; വഷളായത് 2018ൽ
രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതോടെയാണ് തർക്കം രൂക്ഷമായത്. കഴിഞ്ഞ ഒരു മാസമായി, കച്ചാർ-കൊളാസിബ് ജില്ലകളിലെ അസം-മിസോറാം അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. മേഖലയിൽ സംഘർഷഭരിതമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
സംഘർഷവുമായി ബന്ധപ്പെട്ട് ഇരു പക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഏത് പക്ഷത്തുനിന്നാണ് സംഘർഷം തുടങ്ങിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
മിസോറാം ഭാഗത്തുനിന്നുള്ള “അക്രമിസംഘങ്ങൾ” കച്ചാർ അതിർത്തിയിലെ ലൈലാപൂർ പട്ടണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയാൻ തുടങ്ങിയെന്നാണ് അസം പൊലീസ് പറഞ്ഞത്. എന്നാൽ മിസോറാം ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നത് അസം പൊലീസാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ്.
“അസം പോലീസ് ഐജി, കച്ചാർ ഡിസി, എസ്പി, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ 200 ഓളം അസം സായുധ പൊലീസ് 11.30 ഓടെ കച്ചാറിലെ വൈറംഗെ ഓട്ടോ റിക്ഷ സ്റ്റാൻഡിൽ എത്തി. അവിടെ മിസോറാം പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റ് ബലം പ്രയോഗിച്ച് മറികടന്നു,” പ്രസ്താവനയിൽ പറയുന്നു.
Read More: അസം-മിസോറാം അതിർത്തി തർക്കം: കേന്ദ്ര സേനയെ വിന്യസിക്കാൻ തീരുമാനം
സംഘർഷങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രം ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരെയും പൊലീസ് ഡയറക്ടർ ജനറൽമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം, അന്തർ സംസ്ഥാന അതിർത്തികളിൽ നിന്ന് സംസ്ഥാന സേനകളെ പിൻവലിക്കാൻ അസം നാഗാലാൻഡ് ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.
“അതിർത്തി പ്രദേശങ്ങളിൽ നിന്ന് അതാത് താവളങ്ങളിലേക്ക് സംസ്ഥാനങ്ങളുടെ സൈന്യത്തെ ഉടൻ പിൻവലിക്കാൻ ഇരു ചീഫ് സെക്രട്ടറിമാരും ധാരണയിലെത്തി. അസം-നാഗാലാൻഡ് അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പാണിത്,” ശർമ പറഞ്ഞു.