ഇന്ത്യൻ സൈന്യത്തിൽ 30 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച പട്ടാളക്കാരനോട് പൗരത്വം തെളിയിക്കാൻ ആസാം പൊലീസ് ആവശ്യപ്പെട്ടതായി പരാതി. ജൂനിയർ കമ്മിഷന്റ് ഓഫീസറായി വിരമിച്ച അസ്മൽ ഹഖിനോടാണ് ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആസാം പൊലീസ് ആവശ്യപ്പെട്ടത്.

2016 സെപ്തംബർ 30 ന് വിരമിച്ച വിമുക്തഭടനായ അസ്മൽ ഹഖ് ഒരു വീഡിയോ വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആസാം പൊലീസ് കൈമാറിയ നോട്ടീസിൽ വിദേശികളുടെ ട്രിബ്യൂണലിൽ പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണമെന്നാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

വോട്ടർ പട്ടികയിൽ സംശയിക്കപ്പെടുന്ന ആളുകളുടെ പട്ടികയിലാണ് മൂന്ന് പതിറ്റാണ്ട് ഇന്ത്യൻ സൈന്യത്തെ സേവിച്ച പട്ടാളക്കാരന്റെ പേരും ഉൾപ്പെടുത്തിയത്. ഒക്ടോബർ 13 നാണ് ഇദ്ദേഹത്തോട് ട്രൈബ്യൂണലിന് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമാണ് ഇദ്ദേഹത്തെ ജൂനിയർ കമ്മിഷന്റ് ഓഫീസറായി നിയമിച്ചത്. നോട്ടീസ് ലഭിക്കാൻ വൈകിയതിനാൽ ട്രിബ്യൂണലിൽ ഹാജരാകാൻ ആവശ്യപ്പെട്ട ആദ്യ തീയ്യതി കഴിഞ്ഞതായി ഇദ്ദേഹം പറഞ്ഞു. “അടുത്ത തീയ്യതി ഒക്ടബർ 13 നാണ്. മുൻപ് 2012 ലും എനിക്ക് ഇതേ നോട്ടീസ് ലഭിച്ചിരുന്നു. അന്ന് ഞാൻ സൈന്യത്തിൽ ജോലി ചെയ്യുകയായിരുന്നു. എല്ലാ രേഖകളും ഹാജരാക്കിയതുമാണ്”, ഹഖ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ