ദിസ്‌പൂർ: അപ്രതീക്ഷിതമായി വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് അസമിലെ ഒരു കുടുംബം. കാസിരംഗ നാഷണൽ പാർക്കിലെ കടുവയാണ് ദേശീയ പാതയ്ക്ക് സമീപത്തുളള വീട്ടിലേക്കെത്തിയത്. അസമിലുണ്ടായ വെളളപ്പൊക്കത്തിൽ അകപ്പെട്ട കടുവ രക്ഷ തേടിയാവും വീടിനകത്ത് എത്തിയതെന്നാണ് കരുതുന്നത്.

അസമിലുണ്ടായ വെളളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിലെ നിരവധി മൃഗങ്ങളാണ് ചത്തത്. മാത്രമല്ല ചിലതിനെയൊക്കെ കാണാതെ പോയിട്ടുമുണ്ട്. നാഷണൽ പാർക്കിലെ കടുവ വീടിന് അകത്ത് കട്ടിലിൽ കിടക്കുന്ന ചിത്രം വൈൾഡ്‌ലൈഫ് ട്രസ്റ്റ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയ വീട്ടുടമസ്ഥനാണ് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. കടുവയെ സുരക്ഷിതമായി തിരികെ നാഷണൽ പാർക്കിലേക്ക് എത്തിക്കുന്നതിനുളള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അസമിലുണ്ടായ വെളളപ്പൊക്കത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കാസിരംഗ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും വെളളപ്പൊക്കത്തിൽ മുങ്ങി. ഈ ആഴ്ച 30 വന്യമൃഗങ്ങൾ ചത്തു. വെളളപ്പൊക്കത്തിൽ മുങ്ങിത്താഴുന്നതിൽനിന്നും രക്ഷപ്പെടാൻ മൃഗങ്ങൾ പാർക്കിൽ നിന്ന് പുറത്തേക്കുവരുന്നത് കാണാം. ഇപ്പോൾ പാർക്കിൽനിന്നും വെളളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് 31 കാണ്ടാമൃഗങ്ങളും കടുവയും ഉൾപ്പെടെ 360 ഓളം മൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങി ചത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook