ജീവന് ഭീഷണിയാകുന്ന കാൻസർ പോലുളള രോഗങ്ങൾ മൂലം ജനങ്ങൾ കഷ്ടപ്പെടുന്നതിന് കാരണം അവരുടെ മുൻകാല പാപങ്ങളാണെന്ന് ബിജെപി നേതാവും അസമിലെ ആരോഗ്യ, വിദ്യാഭ്യാസ,ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. “ഹിന്ദുയിസം വിശ്വസിക്കുന്നത് കർമ്മം എന്ന നിയമത്തിലാണ്. മനുഷ്യരുടെ പൂർവകാല ചെയ്തികളുടെ കുറ്റവും കുറവുമാണ് അവരുടെ ദുരിതങ്ങൾക്ക് കാരണം” എന്ന് മന്ത്രി പറഞ്ഞു.

“അദൃശ്യമായ ആ ശക്തിയ്ക്കെതിരായി മനുഷ്യർ ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരമില്ല. എന്തുകൊണ്ടാണ് ചെറുപ്പക്കാരനായ ഒരാൾക്ക് കാൻസർ വരുന്നു എന്ന് പലരും അത്ഭുതപ്പെടുന്നു. എന്നാൽ, അതിന് നിങ്ങൾ ആ പശ്ചാത്തലം പരിശോധിക്കണം. അപ്പോൾ മനസ്സിലാകും അത് ദൈവനീതിയാണ്, അല്ലാതെ മറ്റൊന്നുമല്ല.” ഗുഹാവത്തിയിൽ സ്കൂൾ അധ്യാപകരുടെ നിയമന ഉത്തരവ് കൈമാറുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസംഗം.

ആത്മാർത്ഥയോടെ ജോലിചെയ്യാൻ അധ്യാപകർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ സ്കൂളുകളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുമ്പോൾ എല്ലുമുറിയെ പണിയെടുക്കുന്നവർ ഉയർന്ന ശമ്പളത്തിൽ സർക്കാർ സ്കൂളുകളിൽ ജോലി കിട്ടുമ്പോൾ അത് ചെയ്യാത്തതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. ” ദൈവനീതി എല്ലായിടത്തുമുണ്ട്. ദൈവനീതി അനുഭവിക്കാതെ ഒരാൾക്കും രക്ഷപ്പെടാനാകില്ല” അദ്ദേഹം പറഞ്ഞു.

“മുൻകാല ജീവിതത്തിൽ ചെയ്ത, ഈ കാലത്ത് ചെയ്ത, (എന്റെ)അച്ഛനോ അമ്മയോ ചെയ്ത തെറ്റുകളുണ്ടാകാം. അതാ വ്യക്തി തന്നെ ചെയ്യണമെന്നില്ല. പക്ഷേ, ദൈവനീതി അത് എല്ലായെപ്പോഴും നിലനിൽക്കുന്നതാണ്” എന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്നും കാൻസർ രോഗികളെ മുറിവേൽപ്പിക്കുന്നതാണ് അദ്ദേഹത്തിന്രെ പ്രസ്താവനയെന്നും അസമിലെ കോൺഗ്രസ് നേതാവ് ദേബബ്രത സൈക്കിയ അഭിപ്രായപ്പെട്ടു. മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

അസമിൽ കാൻസർ വ്യാപകമാകുന്നത് തടയുന്നതിൽ പരാജയപ്പെട്ട ആരോഗ്യമന്ത്രി അതിനെ മറികടക്കാനുളള ശ്രമം മാത്രമാണ് ഈ പ്രസ്താവനയിലൂടെ നടത്തിയതെന്ന് ഐ ഐ യു ഡി എഫ് നേതാവ് അമിനുൽ ഇസ്ലാം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ