ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനക്കുന്നു. അസാമിലെ 21 ജില്ലകളും വെള്ളത്തിനടിയിലാണ്. ആറ് പേർക്കാണ് ഇതിനോടകം പ്രളയത്തിൽ ജീവൻ നഷ്ടമായത്. സംസ്ഥാനത്തെ 8.7 ലക്ഷം ആളുകൾ പ്രളയ ബാധിതരാണെന്നാണ് റിപ്പോർട്ടുകൾ.

ബ്രഹ്മപുത്ര ഇപ്പോഴും കരകവിഞ്ഞ് ഒഴുകുകയാണ്. സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. മഴ ശക്തമായതോടെ വെള്ളിയാഴ്ച മുതൽ ഫെറി സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടുപോയി.

സംസ്ഥാനത്ത് 11 ജില്ലകളിലായി 68 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഏഴായിരത്തിലധികം ആളുകൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. മൂന്നരലക്ഷത്തോളം ആളുകളെയാണ് പ്രളയത്തെ തുടർന്ന് ഒഴിപ്പിച്ചത്. ഇവരെ വിവിധ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്‌കൂള്‍ കുട്ടികള്‍ മരിച്ചു. ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന തവാങിലായിരുന്നു അപകടം. ഭൂട്ടാനിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook